
റിയാദ്: ഓഗസ്റ്റ് 4 മുതല്‍ സൗദിയിലെ ഷോപ്പിങ് മാളുകളിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. മറ്റു തസ്തികകളില്‍ പകുതിയോളം ജോലികളും സൗദി സ്വദേശികള്‍ക്കു മാത്രമായി മാറ്റിവയ്ക്കും. ഇതോടെ നൂറുകണക്കിനു മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും. ശുചീകരണം, കയറ്റിറക്ക്, ഗെയിം റിപ്പയര്‍ ടെക്‌നീഷന്‍, ബാര്‍ബര്‍ ജോലികളില്‍ തല്‍ക്കാലം വിദേശികള്‍ക്കു തുടരാം.
എന്നാല്‍ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ പ്രവാസികളുടെ എണ്ണം ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയാന്‍ പാടില്ല. കോഫി ഷോപ്പ്, റസ്റ്ററന്റ്, ഷോറൂം, ഇന്‍ഡോര്‍ സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ മാനേജര്‍മാര്‍, അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജര്‍, റീട്ടെയില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലാണു 100% സ്വദേശി നിയമനം.
മറ്റു തസ്തികകളില്‍ മാളുകളിലെ കോഫി ഷോപ്പില്‍ 50%, റസ്റ്ററന്റില്‍ 40% തസ്തികകളും നീക്കിവയ്ക്കണം. 51,000 സ്വദേശികള്‍ക്കു ജോലി ലക്ഷ്യമിട്ടാണു പദ്ധതി. വന്‍കിട സെന്‍ട്രല്‍ മാര്‍ക്കറ്റ്, റസ്റ്ററന്റ്, കോഫി ഷോപ്പ് എന്നിവിടങ്ങളിലെ സ്വദേശിവല്‍ക്കരണ അനുപാതം പിന്നീട് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. ഒട്ടേറെ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം പുരോഗമിക്കുകയാണ്.