
ക്ലൗഡ് ഭീമനായ ഒറാക്കിളും ടിക് ടോക്കിനെ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തിനുള്ളില്‍ യുഎസില്‍ ടിക് ടോക്ക് ബിസിനസ്സ് വില്‍ക്കാനാണ് ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ദി ഫിനാന്‍ഷ്യല്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒറാക്കിള്‍ 'ടിക് ടോക്കിന്റെ ചൈനീസ് ഉടമ ബൈറ്റ്ഡാന്‍സുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങള്‍ വാങ്ങുന്നത് ഗൗരവമായി പരിഗണിക്കുന്നതായാണ് വിവരം. ജനറല്‍ അറ്റ്‌ലാന്റിക്, സെക്വോയ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെ ഇതിനകം ബൈറ്റ്ഡാന്‍സില്‍ ഓഹരി സ്വന്തമാക്കിയിട്ടുള്ള ഒരു കൂട്ടം യുഎസ് നിക്ഷേപകരുമായി ഒറാക്കിള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ സിഇഒയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ്സ് വാങ്ങുന്നതിനുള്ള ചര്‍ച്ചകളിലെ മുന്‍നിരക്കാരാണ് മൈക്രോസോഫ്റ്റ്. എന്നിരുന്നാലും, മൈക്രോസോഫ്റ്റ് - ടിക് ടോക്ക് ഇടപാട് സാധ്യത 20 ശതമാനത്തില്‍ കൂടാത്തതിനാല്‍ സംഭവിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യുഎസില്‍ കടുത്ത രാഷ്ട്രീയ ചര്‍ച്ചയായി മാറിയ ടിക് ടോക്കുമായി ട്വിറ്ററും ചര്‍ച്ചകള്‍ നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുശേഷം ടിക് ടോക്ക് സ്വന്തമാക്കാന്‍ താല്‍പ്പര്യമില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി, ചൈന ആസ്ഥാനമായുള്ള ആപ്ലിക്കേഷന്‍ വാങ്ങാന്‍ ഐഫോണ്‍ നിര്‍മ്മാതാവ് തയ്യാറാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ആപ്പിള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ട്രംപിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 45 ദിവസത്തിനുശേഷം ബൈറ്റ്ഡാന്‍സ് യുഎസ് സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്നത് വിലക്കിയിരുന്നു. ആദ്യത്തെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിക് ടോക്ക് ഇതിനകം വ്യക്തമാക്കിയിരുന്നു. പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 90 ദിവസമാണ് സമയപരിധി. സെപ്റ്റംബര്‍ 15 നകം ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വാങ്ങാന്‍ മൈക്രോസോഫ്റ്റ് നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.