
ലഖ്‌നൗ:നാല്‍പതോളം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയുടെ പതിനൊന്നാം പതിപ്പ് നാളെ ലഖ്‌നൗവില്‍ തുടക്കമാകും. ചെക്ക് റിപ്പബ്ലിക്,മെക്‌സിക്കോ,യൂനൈറ്റഡ് അറബ് എമിറേറ്റ്‌സ് ,ദക്ഷിണ കൊറിയ എന്നിവ ഉള്‍പ്പെടെ നാല്‍പതോളം രാജ്യങ്ങളാണ് പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അഞ്ച് ദിവസത്തെ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുക. 'ഇന്ത്യ:എമര്‍ജിങ് ഡിഫന്‍സ് മാനുഫാക്ചറിങ് ഹബ്' എന്നതാണ് ഈ വര്‍ഷത്തെ ഇവന്റിന്റെ തീം. പ്രതിരോധ മേഖലയിലെ പ്രമുഖ സാങ്കേതിക വിദ്യകളെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടുവരിക,സര്‍ക്കാരിനും സ്വകാര്യ നിര്‍മാതാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഡിഫെക്‌സ്‌പോ 2020 സംഘടിപ്പിക്കുന്നതില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് മുഖ്യപങ്കുവഹിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാന പ്രതിരോധ എക്‌സ്‌പോകള്‍ സംഘടിപ്പിക്കുന്നതില്‍ എച്ച്എഎല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് സിഎംഡിആര്‍ മാധവന്‍ പറഞ്ഞു.
ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ആയ തേജസ്,ലൈഫ് കോംബാറ്റ് ഹെലികോപ്റ്റര്‍,അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍,ഡോണിയര്‍ വിമാനം തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. നവീകരിച്ച സുഖോയ് -30 എംകെഐ കോക്പിറ്റ് സിമുലേറ്റര്‍ എച്ച്എഎല്‍ സ്റ്റാളില്‍ ഉണ്ടായിരിക്കും.പരിപാടിയില്‍ ധാരണാപത്രം ഒപ്പിടല്‍ പരിപാടി,വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച,സെമിനാറുകള്‍,വൈവിധ്യമാര്‍ന്ന എയ്‌റോ സ്‌പേസ് സബ്ജക്ടുകളെ കുറിച്ചുള്ള കോണ്‍ഫറന്‍സുകള്‍ എന്നിവ നടത്താന്‍ എച്ച്എഎല്‍ പദ്ധതി തയ്യാറാക്കുന്നു. സേവനങ്ങളുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും തത്സമയ പ്രകടനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായവും കര,നാവിക,വ്യോമ,ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതേസമയം ഡെഫ് എക്‌സ്‌പോ 2020ല്‍ പങ്കെടുക്കുന്നതിനായി സ്വയം രജിസ്ട്രര്‍ ചെയ്ത കമ്പനികളുടെ എണ്ണം ചെന്നൈയില്‍ നടന്ന അവസാന പതിപ്പിലെ 702 ല്‍ നിന്ന് ആയിരമായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.