
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് കേന്ദ്രീകൃത രീതി ഈ മാസം മുതല്‍ തുടങ്ങുമെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. വിവിധ വകുപ്പുകള്‍ പല തവണയായി പരിശോധന നടത്തുന്നതു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനാണിത്. പരിശോധന ഏകോപിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ തുടങ്ങും. പരിശോധനയ്ക്ക് ഉദ്യോഗസ്ഥനെ നിശ്ചയിക്കുന്നത് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചായിരിക്കും. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്കു നല്‍കും. പരിശോധന സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ സൗഹൃദ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത പരിശോധനാ രീതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്‌ക് വ്യവസായങ്ങളില്‍ വര്‍ഷത്തിലൊരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക് വിഭാഗത്തില്‍ നോട്ടിസ് നല്‍കി മാത്രമേ വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തൂ. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ പരാതി പരിഹാര സംവിധാനം തുടങ്ങും.