
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ കടബാധ്യത കുത്തനെ ഉയര്‍ന്നു. 50.5 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണ് ഇപ്പോഴത്തെ കടബാധ്യത. ഇതില്‍ 20.7 ലക്ഷം കോടിയും ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം ഉണ്ടായതാണെന്ന് അവിടുത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാനാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്തിന്റെ കടക്കെണി ഉയരുന്ന ദേശീയ സുരക്ഷാ വിഷയമാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ മാസം അവസാനം വരെയുള്ള കണക്കുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. 39 മാസത്തെ ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് മാത്രം 70 ശതമാനത്തോളം വര്‍ധനവാണ് പാക്കിസ്ഥാന്റെ കടബാധ്യതയില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതാണ് ഇമ്രാന്‍ ഭരണകൂടം ഇതിനൊരു കാരണമായി പാര്‍ലമെന്റില്‍ പറഞ്ഞത്. മൊത്തം കടത്തിന്റെ പലിശയിനത്തില്‍ മാത്രം 7.5 ലക്ഷം കോടി പാക് രൂപ ഇമ്രാന്‍ ഭരണകൂടം നല്‍കേണ്ടി വന്നു.
മുന്‍കാലങ്ങളിലേത് പോലെ വിദേശ ധനസഹായത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നതാണ് പാക്കിസ്ഥാന്റെ കടബാധ്യത ഉയരാന്‍ കാരണമായത്. മറ്റേത് സര്‍ക്കാരിനെയും അപേക്ഷിച്ച് കൂടുതല്‍ വിദേശസഹായം തേടുന്നതില്‍ ഇമ്രാന്‍ ഖാനും പ്രത്യേക താത്പര്യമെടുത്തതാണ് സാമ്പത്തിക ബാധ്യതയുടെ ആക്കം കൂട്ടിയത്.