
ഇന്ത്യയിലെ പ്രമുഖ ഫെര്‍ട്ട്ലൈസര്‍ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന മെയ് 17ന് തുറക്കും. മെയ് 19 വരെയായി നടക്കുന്ന ഐപിഒയിലൂടെ 1004 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെയും ഇന്ത്യാ ഗവണ്മെന്റിന്റെയും 118,507,493 ഇക്വിറ്റി ഓഹരികളുമാണ് കൈമാറുക.
ഒരു ഓഹരിക്ക് 39-42 എന്ന നിരക്കിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയിലെ മുഴുവന്‍ അഥവാ 19.55 ശതമാനം ഓഹരികളും സര്‍ക്കാര്‍ ഓഫ്‌ലോഡ് ചെയ്യും. പരദീപ് ഫോസ്ഫേറ്റിലെ ബാക്കി 80.45 ശതമാനം പങ്കാളിത്തവും ദങജജഘന് ആണ്. കുറഞ്ഞത് 350 ഇക്വിറ്റി ഓഹരികളുടെ ഒരു ലോട്ടായും അതിന്റെ ഗുണിതങ്ങളായും നിക്ഷേപകര്‍ക്ക് ഐപിഒയിലൂടെ അപേക്ഷിക്കാവുന്നതാണ്.
ഓഹരികള്‍ മെയ് 27ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്സിസ് ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാന്ഷ്യല്, എസ്ബിഐ ക്യാപിറ്റല് മാര്ക്കറ്റ്സ് എന്നിവരാണ് ഐപിഒ യുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍. 1981ല്‍ സ്ഥാപിതമായ, പരദീപ് ഫോസ്ഫേറ്റ്സ് ലിമിറ്റഡ് പ്രാഥമികമായി ഡി-അമോണിയം ഫോസ്ഫേറ്റ് (ഡിഎപി), എന്‍പികെ രാസവളങ്ങള്‍ തുടങ്ങിയ വളങ്ങളുടെ നിര്‍മ്മാണം, വ്യാപാരം, വിതരണം, വില്‍പ്പന എന്നിവയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഗോവയിലെ രാസവള നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്നതിനും കടം തിരിച്ചടയ്ക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായാണ് വിനിയോഗിക്കുക. ഒഡീഷയിലെ ഭുനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 'ജയ് കിസാന്‍ - നവരത്‌ന', 'നവരത്‌ന' തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് കമ്പനി വളങ്ങള്‍ വിപണനം ചെയ്യുന്നത്. 2021 ഡിസംബര്‍ 31-ന് അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ കമ്പനി 362.7 കോടി രൂപയുടെ ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 സാമ്പത്തിക വര്‍ഷത്തെ ലാഭം 223 കോടി രൂപയാണ്.