
കോവിഡ് -19 ചികിത്സയ്ക്കായുള്ള മരുന്ന് കണ്ടെത്തി എന്നവകാശപ്പെടുന്ന പതഞ്ജലിയുടെ പുതിയ ഉല്‍പ്പന്നം പൂര്‍ണമായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതുവരെ പരസ്യം നിര്‍ത്തണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലി ആയുര്‍വേദിന് നിര്‍ദേശം നല്‍കി. കൊറോണ വൈറസിനുള്ള ചികിത്സ കണ്ടെത്തിയതായി ബാബാരാംദേവിന്റെ ഹെര്‍ബല്‍ മെഡിസിന്‍ കമ്പനിയായ പതഞ്ജലി ചൊവ്വാഴ്ചയാണ് അവകാശവാദവുമായി മുന്നോട്ട് വന്നത്. എന്നാല്‍ പ്രഖ്യാപിത ശാസ്ത്രീയ പഠനത്തിന്റെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ കമ്പനിക്ക് ആയിട്ടില്ലെന്നും ഇതിന്റെ ചികിത്സാ രീതിയും ഫലവും ബോധ്യപ്പെട്ടിട്ടില്ല എന്നും ഉല്‍പ്പാദകരോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ആയുഷ് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ പേരും ഘടനയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ നല്‍കാനും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സാമ്പിള്‍ വലുപ്പം, സൈറ്റുകള്‍, ഗവേഷണ പഠനം നടത്തിയ ആശുപത്രികള്‍, എത്തിക്സ് പാനല്‍ ക്ലിയറന്‍സ് എന്നിവയുടെ വിശദാംശങ്ങളും പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നുകളുടെ ലൈസന്‍സിന്റെയും ഉല്‍പ്പാദന അംഗീകാരത്തിന്റെയും പകര്‍പ്പുകളും മന്ത്രാലയം പരിശോധിക്കണമെന്ന് സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റി ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
1954ലെ ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം പതഞ്ജലിയുടെ ആരോപണവിധേയമായ മരുന്നുകളുടെ പരസ്യം നിയന്ത്രിക്കുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു. കോവിഡ് -19 സംബന്ധിച്ച ഗവേഷണ പഠനങ്ങള്‍ എങ്ങനെ നടത്തണമെന്ന് മന്ത്രാലയം നേരത്തെ വിഞ്ജാപനം പുറത്തിറക്കിയിരുന്നു.
പുതിയ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലിനായി മൊത്തം 100 കൊറോണ വൈറസ് പോസിറ്റീവ് രോഗികളെ തിരഞ്ഞെടുത്തുവെന്നും ഈ ആയുര്‍വേദ മരുന്നുകളുപയോഗിച്ച് 7 ദിവസത്തിനുള്ളില്‍ കൊറോണ വൈറസ് അണുബാധയില്‍ നിന്ന് 100 ശതമാനം വീണ്ടെടുക്കല്‍ സാധ്യമാണെന്ന് തെളിഞ്ഞുവെന്നുമാണ് പതഞ്ജലിയുടെ വാദം. 'കൊറോണില്‍ കിറ്റ്' എന്നറിയപ്പെടുന്ന ഈ മരുന്ന് 545 രൂപയ്ക്കാണ് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. 30 ദിവസത്തേയ്ക്കുള്ള മരുന്നാണ് കിറ്റിലുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കിറ്റ് രാജ്യത്തെ പതഞ്ജലി സ്റ്റോറുകളില്‍ ലഭ്യമാക്കുമെന്ന് ബാബ രാംദേവ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് താല്‍ക്കാലിക സ്റ്റേ നല്‍കിയിട്ടുണ്ട്.