
ന്യൂഡല്‍ഹി: മികച്ച ശമ്പളം തേടി ജീവനക്കാര്‍ രാജിവെക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ കമ്പനികള്‍ കൊവിഡ് കാലത്ത് മറ്റൊരു വലിയ മാറ്റത്തിന് കൂടി ഒരുങ്ങുകയാണ്. കൊവിഡിന് മുന്‍പത്തെ നിലയില്‍ ശമ്പള വര്‍ധനവെന്ന തീരുമാനത്തിലേക്കാണ് കമ്പനികള്‍ എത്തിയിരിക്കുന്നത്. 2021 ലെ ആക്ച്വല്‍ ആവറേജ് ശമ്പള വര്‍ധന 8.4 ശതമാനമായിരുന്നു. 2022 ല്‍ ഇത് 9.4 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് രംഗത്തെ നില മെച്ചപ്പെട്ടതാണ് ഇപ്പോഴത്തെ തീരുമാനങ്ങള്‍ക്ക് മറ്റൊരു പ്രധാന കാരണം. 2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആക്ച്വല്‍ ആവറേജ് ശമ്പള വര്‍ധന 9.25 ശതമാനമായിരുന്നു. 2020 ല്‍ ഇത് 6.8 ശതമാനമായി ഇടിഞ്ഞു. 2021 ല്‍ നില മെച്ചപ്പെടുത്തി 8.4 ശതമാനമായെങ്കിലും കൊവിഡിന് മുന്‍പത്തെ നിലവാരത്തിലും താഴെയായിരുന്നു.
കോണ്‍ ഫെറി ഇന്ത്യ ആന്വല്‍ റിവാര്‍ഡ്‌സാണ് പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 46 ശതമാനം കമ്പനികളും ക്ഷേമ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. 43 ശതമാനം കമ്പനികളും വീട്, ഓഫീസ് അലവന്‍സുകള്‍ നല്‍കുന്നുണ്ട്. 60 ശതമാനമാകട്ടെ പ്രതിമാസ ഇന്റര്‍നെറ്റ് ബില്ലടക്കം വര്‍ക്ക് ഫ്രം ഹോമിലെ മറ്റ് ചെലവുകളും ഏറ്റെടുത്തിട്ടുണ്ട്. 10 ശതമാനം കമ്പനികള്‍ മാത്രമാണ് യാത്രാ ആനുകൂല്യങ്ങള്‍ കുറക്കുകയോ ഒഴിവാക്കുകയോ ചെയ്തിരിക്കുന്നത്.