എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒരുമിക്കുന്നു; വ്യാപാരികള്‍ക്ക് കൂടുതല്‍ നേട്ടം

August 23, 2021 |
|
News

                  എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒരുമിക്കുന്നു; വ്യാപാരികള്‍ക്ക് കൂടുതല്‍ നേട്ടം

രാജ്യത്തെ പേമെന്റ് മേഖലയിലെ പ്രമുഖരായ എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ഒരുമിക്കുന്നു. പേമെന്റ് സേവനങ്ങള്‍ക്കായി നെറ്റ്വര്‍ക്ക് പങ്കിടാനാണ് തീരുമാനം. ഇരുവരുടേയും സഹകരണം വ്യാപാരികള്‍ക്കാകും കൂടുതല്‍ നേട്ടമാകുക. എച്ച്ഡിഎഫ്‌സിയുടെ സേവനം ഉപയോഗിക്കുന്നവര്‍ക്കും പേടിഎം ഉപയോക്താക്കള്‍ക്കും ഇടപാടുകള്‍ അധിക ചാര്‍ജുകളില്ലാതെ നടത്താം. എച്ച്ഡിഎഫ്‌സി ബാങ്ക് പേമെന്റ് പങ്കാളിയും പേടിഎം വിതരണ- സോഫ്റ്റ്വേര്‍ പങ്കാളിയുമാകും.

ആദ്യഘട്ടത്തില്‍ എച്ച്ഡിഎഫ്‌സി- പേടിഎം കൂട്ടുകെട്ട് വ്യാപാരികള്‍ക്ക് പേമെന്റ് ഗേറ്റ്വേയും പിഒഎസ് മെഷീനുകളും നല്‍കും. രണ്ടാംഘട്ടത്തില്‍ പേടിഎം പോസ്റ്റ്പെയിഡ് വഴി ക്രെഡിറ്റ് സേവനങ്ങളും വ്യാപാരികള്‍ക്കു ലഭിക്കും. ഈസി ഇഎംഐ, ഫ്ളക്സി പേ തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഐപിഒയ്ക്കു മുന്നോടിയായി വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയാണ് പേിഎമ്മിന്റെ ലക്ഷ്യം. ഇരുവരുടേയും സഹകരണം വ്യാപാരികള്‍ക്കു കമീഷന്‍ നിരക്ക് കുറയാന്‍ വഴിവയ്ക്കും. കൂടാതെ ക്രെഡിറ്റ് സേവനം ബിസിനസ് വിപുലീകരിക്കാനും സഹായിക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് എച്ച്ഡിഎഫ്‌സി ബാങ്കാണ്. എച്ച്ഡിഎഫ്‌സി ബാങ്കിനുമേല്‍ ചുമത്തിയിരുന്ന സാങ്കേതിക വിലക്ക് കഴിഞ്ഞയാഴ്ച ഭാഗികമായി ആര്‍.ബി.ഐ. പിന്‍വലിച്ചിരുന്നു. ഇതോടെ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും ബാങ്കിനാകും. ഏകദേശം 33 കോടി ഉപയോക്താക്കളാണ് പേടിഎമ്മിനുള്ളത്. രണ്ടു കോടിയിലധികം വ്യാപാരശൃംഖലയും. പിഒഎസ് സേവനങ്ങളും പേടിഎം നല്‍കുന്നുണ്ട്. സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങി പണം പിന്നീട് അടയ്ക്കാനുള്ള സേവനമാണ് പേടിഎം പിഒഎസിന്റെ പ്രധാന ആകര്‍ഷണം.

പങ്കാളിത്വം ഗ്രാമീണ മേഖലയിലും അര്‍ദ്ധ നഗര പ്രദേശങ്ങളിലും കൂടുതല്‍ വേരൂന്നാന്‍ ഇരുവരേയും സഹായിക്കും. ഡിജിറ്റല്‍ പേമെന്റ് സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഇതു വഴിവയ്ക്കും. അഞ്ചു കോടിയിലധികം കാര്‍ഡുകളും 20 ലക്ഷത്തിലധികം പി.ഒ.എസ്. മെഷീനുകളുമാണ് എച്ച്ഡിഎഫ്‌സിയുടേതായി വിപണിയിലുള്ളത്. മൊത്തം വിപണിയുടെ 48 ശതമാനവും എച്ച്ഡിഎഫ്‌സിക്ക് സ്വന്തമാണ്.

Related Articles

© 2025 Financial Views. All Rights Reserved