
ഐപിഒ പെരുമഴയാണ് വീണ്ടും നടക്കാനൊരുങ്ങുന്നത്. നവംബര്‍ മുതല്‍ ഓഹരി വിപണി ഉറ്റുനോക്കുന്ന ഐപിഒയില്‍ പ്രധാനം പേടിഎമ്മിന്റേത് തന്നെയാകും. കാരണം, 16000 കോടി രൂപയില്‍ നിന്നും 18,300 കോടി രൂപ വരെ എത്തിനില്‍ക്കുകയാണ് പേടിഎം ഐപിഒ തുക. നവംബര്‍ 8ന് ആരംഭിച്ച് 10നാണ് ഐപിഒ അവസാനിക്കുക. ഇപ്പോഴിതാ പേടിഎമ്മിലെ ഏറ്റവും വലിയ ഓഹരിയുടമയായ ചൈനയുടെ ആന്റ് ഗ്രൂപ്പ്, തങ്ങളുടെ ഓഹരികള്‍ വലിയ തോതില്‍ വിറ്റഴിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നതായാണ് വാര്‍ത്ത.
ഓഫര്‍ ഫോര്‍ സെയില്‍ വഴി നടക്കുന്ന സെക്കന്‍ഡറി ഓഹരി വില്‍പ്പനയുടെ 50 ശതമാനം നിര്‍വ്വഹിക്കുന്നത് ആന്റ് ഗ്രൂപ്പ് ആണെന്ന് പ്രതീക്ഷിക്കുന്നതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട്. സൊമാറ്റോയുടെ ഭൂരിഭാഗം ഷെയറുകള്‍ കൈവശം വച്ചിട്ടുള്ള രണ്ടാമത്തെ വലിയ ഓഹരി ഉടമകളും ആന്റ് ഗ്രൂപ്പാണ്. വിദേശകമ്പനിക്കാകും വില്‍പ്പന ഉറപ്പിക്കുക.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള റീ ഇന്‍ഷുറര്‍ കമ്പനി സ്വിസ് റീ, പേടിഎം ഇന്‍ഷ്വര്‍ ടെക്കിന്റെ 23 ശതമാനം ഓഹരി വാങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 920 കോടി രൂപയുടേതാണിത്. പേടിഎമ്മിന്റെ ഇന്‍ഷുറന്‍സ് യൂണിറ്റായ പേടിഎം ഇന്‍ഷുര്‍ടെക്, നൂതനമായ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പേടിഎമ്മിന്റെ ഉപഭോക്തൃ അടിത്തറയും വ്യാപാരി ഇക്കോസിസ്റ്റവും പ്രയോജനപ്പെടുത്താന്‍ പദ്ധതിയിടുകയാണ്.