ഇനി പേടിഎമ്മിലൂടെ വാക്സിന്‍ ബുക്ക് ചെയ്യാനും സ്ലോട്ട് തിരഞ്ഞെടുക്കാനുമുള്ള സൗകര്യം

June 15, 2021 |
|
News

                  ഇനി പേടിഎമ്മിലൂടെ വാക്സിന്‍ ബുക്ക് ചെയ്യാനും സ്ലോട്ട് തിരഞ്ഞെടുക്കാനുമുള്ള സൗകര്യം

ഉപഭോക്താക്കള്‍ക്ക് വാക്സിന്‍ ബുക്ക് ചെയ്യാനും സ്ലോട്ട് തിരഞ്ഞെടുക്കാനുമുള്ള സൗകര്യം തങ്ങളുടെ ആപ്പില്‍ തന്നെ സജ്ജീകരിച്ച് ഇ-പേയ്മെന്റ് ആപ്പായ പേടിഎം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഈ മുന്‍നിര ഇ-പേയ്മെന്റ് ഭീമന്‍ പുതിയ ഓപ്ഷന്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്ഥലം, പ്രായം, ഡോസ് നമ്പര്‍, വാക്സിന്‍ തരം എന്നിവ അടിസ്ഥാനമാക്കി അടുത്തുള്ള വാക്സിനേഷന്‍ സെന്ററില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് സൗജന്യവും പണമടച്ചുള്ളതുമായ വാക്സിനുകള്‍ പോലും തിരഞ്ഞെടുക്കാവുന്നതാണ്.

നേരത്തെ വാക്സിനുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന വാക്സിന്‍ ഫൈന്‍ഡര്‍ എന്ന ഓപ്ഷന്‍ പേടിഎം അവതരിപ്പിച്ചിരുന്നു. വാക്സിന്‍ ലഭ്യത, അതിന് ഈടാക്കുന്ന ഫീസ് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളായിരുന്നു ഇതുവഴി ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പേടിഎം ഉപഭോക്താക്കള്‍ പേടിഎം വഴി വാക്സിനേഷന്‍ സ്ലോട്ടുകളുടെ ലഭ്യത പരിശോധിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

''ആപ്ലിക്കേഷനില്‍ ഇപ്പോള്‍ ലഭ്യമായ സ്ലോട്ട് ബുക്കിംഗ് ഓപ്ഷന്‍ ഉപയോഗിച്ച്, രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ വാക്സിനേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഈ മഹാമാരിയില്‍ നിന്ന് കൂടുതല്‍ ശക്തമായി പുറത്തുവരാന്‍ ഇന്ത്യയെ സഹായിക്കുകയെന്നത് ഞങ്ങളുടെ ശ്രമമാണ്. ഞങ്ങളുടെ വാക്സിന്‍ ഫൈന്‍ഡര്‍ അടുത്തുള്ള കേന്ദ്രത്തില്‍ സ്ലോട്ടുകള്‍ പരിധിയില്ലാതെ ബുക്ക് ചെയ്യാനും പ്രതിരോധ കുത്തിവയ്പ്പ് നടത്താനും പൗരന്മാരെ സഹായിക്കും,'' ഒരു പേടിഎം വക്താവ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ പേടിഎം ആപ്പില്‍ ഈ ഓപ്ഷന്‍ കണ്ടെത്താനായില്ലെങ്കിലും അപ്ഡേറ്റ് ചെയ്ത ആപ്പുകളില്‍ ലഭ്യമായിരിക്കുമെന്നാണ് സൂചന.

Read more topics: # പേടിഎം, # Paytm,

Related Articles

© 2025 Financial Views. All Rights Reserved