
സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാവായ എച്ച്ഡിഎഫ്സി ലിമിറ്റഡില്‍ ഓഹരി വിഹിതമുയര്‍ത്തിയതിനു പിന്നാലെ ഐസിഐസിഐ ബാങ്കിലും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന വന്‍തോതില്‍ നിക്ഷേപം നടത്തി. മൂലധനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാന്‍ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് രംഗത്തുവന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം. ഇത് അവസരമായെടുത്താണ് ചൈനീസ് ബാങ്ക് ഓഹരി വാങ്ങിയത്.
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കു പുറമെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപൂര്‍ സര്‍ക്കാര്‍, മോര്‍ഗന്‍ ഇന്‍വെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്.
എച്ച്ഡിഎഫ്സിയുടെ ഒരുശതമാനം ഓഹരിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ പിപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്. ഇതറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ വിദേശ നിക്ഷപങ്ങള്‍ക്ക് നിയന്ത്രണംകൊണ്ടുവന്നിരുന്നു. ഒരുശതമാനത്തിന് താഴെ ഓഹരികള്‍ പലകമ്പനികളിലായി ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
പ്രമുഖ സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സിന്റെ 0.32% ഓഹരികള്‍ ചൈനയുടെ കൈവശമാണ്. പ്രമുഖ ഫാര്‍മ കമ്പനിയായ പിരാമല്‍ എന്റര്‍പ്രൈസസിന്റെ 0.43% ഓഹരികളും ചൈനീസ് ബാങ്കിനുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനായി 3,100 കോടി രൂപയാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിക്ഷേപിച്ചത്. അംബുജ സിമന്റിന്റെ ഓഹരികള്‍ക്കായി 122 കോടിയും പിരാമല്‍ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്കായി 137 കോടിയും ചൈനീസ് ബാങ്ക് ചെലവഴിച്ചു.