ഇന്ധന വിലയില്‍ വീണ്ടും കുതിപ്പ്; മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു

January 07, 2021 |
|
News

                  ഇന്ധന വിലയില്‍ വീണ്ടും കുതിപ്പ്;  മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു

മുംബൈ: ഇന്ധന വിലയില്‍ രാജ്യത്ത് വീണ്ടും കുതിപ്പ്. പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ് രാജ്യ തലസ്ഥാനത്ത്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. ബുധനാഴ്ച് എല്ലാ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളും പെട്രോളിന് 26 പൈസും ഡീസലിന് 25 പൈസയും ലിറ്റര്‍ അടിസ്ഥാനത്തില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ വര്‍ദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍വില വര്‍ദ്ധനയ്ക്കായിരുന്നു 2020 ന്റെ അവസാനമാസത്തിലെ ആദ്യ ദിനങ്ങള്‍ സാക്ഷിയായത്. എന്നാല്‍ പിന്നീട് വില മാറ്റമില്ലാതെ തുടര്‍ന്നു. ഇപ്പോള്‍ 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധന വില കൂടിയത്. ഡല്‍ഹിയില്‍ ലിറ്ററിന് 84.2 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 74.38 രൂപയായും ഉയര്‍ന്നു. 26 പൈസയാണ് ഡീസല്‍ വിലയില്‍ കൂടിയത്. പെട്രോള്‍ വിലയില്‍ 23 പൈസയും.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നിരിക്കുകയാണ്. 90.83 രൂപയാണ് പുതിയ വില. ഡീസല്‍ വില എണ്‍പത് കടന്ന് 81.07 രൂപയായി ഒരു ലിറ്ററിന്. ചെന്നൈയില്‍ പെട്രോള്‍ വില 86.96 രൂപയാണ്. ഡീസലിന് 79.72 രൂപയും. ഡല്‍ഹിയില്‍ പെട്രോള്‍ വില റെക്കോര്‍ഡ് സൃഷ്ടിച്ചത് രണ്ട് വര്‍ഷം മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍, 2018 ഒക്ടോബര്‍ 4 ന്. അന്ന് ലിറ്ററിന് 84 രൂപയായിരുന്നു വില. ഇതേ ദിനം തന്നെയാണ് ഡീസലിന്റേയും ഏറ്റയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ലിറ്ററിന് 75.45 രൂപയായിരുന്നു.

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇത് കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്റിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ അത് എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം കൂടിയെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡിന് 8 സെന്റ് വര്‍ദ്ധിച്ച് ബാരലിന് 54.38 ഡോളര്‍ ആയി. എണ്ണ ഉത്പാദനം കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതാണ് വില കൂടാനുള്ള കാരണം. ഫെബ്രുവരിയിലും മാര്‍ച്ചിലും പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ഉത്പാദനം കുറയ്ക്കുമെന്നാണ് സൗദി അറേബ്യ സ്വമേധയാ പ്രഖ്യാപിച്ചിട്ടുള്ളത്.

അന്താരാഷ്ട്ര വിപണിയിലെ പ്രതിദിന വര്‍ദ്ധനയ്ക്ക് അനുസരിച്ചുള്ള വര്‍ദ്ധന മാത്രമല്ല ഇന്ത്യയിലെ ഇന്ധന വില ഇത്ര കൂടി നില്‍ക്കാന്‍ കാരണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും കൂടിയാണ്. 2020 മാര്‍ച്ചിലും മെയിലും ആയി പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 13 രൂപയും ഡീസലിന്റെ 17 രൂപയും ആയാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved