4300 കോടി രൂപയുടെ പിഎംസി ബാങ്ക് തട്ടിപ്പ് കേസ്: അറസ്റ്റിലായ 3 മുന്‍ ഡയറക്ടര്‍മാര്‍ക്കും കോടതി ജാമ്യം

May 06, 2021 |
|
News

                  4300 കോടി രൂപയുടെ പിഎംസി ബാങ്ക് തട്ടിപ്പ് കേസ്:  അറസ്റ്റിലായ 3 മുന്‍ ഡയറക്ടര്‍മാര്‍ക്കും കോടതി ജാമ്യം

മുംബൈ: ഏറെ വിവാദമായ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസില്‍ മൂന്ന് മുന്‍ ഡയറക്ടര്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 4300 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് നടന്ന കേസില്‍ 2019 ഡിസംബറില്‍ അറസ്റ്റിലായവര്‍ക്കാണ് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മുക്തി ബവിസി, തൃപ്തി സുഹാസ് ബാനെ, രഞ്ജീത് താര സിങ് നന്ദ്രജോഗ് എന്നിവര്‍ക്കാണ് ജാമ്യം. ഇവരുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. 2020 മെയ് മാസത്തില്‍ വിചാരണ കോടതിയിലും സെഷന്‍സ് കോടതികളിലും പ്രതികള്‍ ജാമ്യാപേക്ഷയുമായി ചെന്നിരുന്നെങ്കിലും ഇത് തള്ളിയിരുന്നു.

തട്ടിപ്പില്‍ മുഖ്യ ആരോപണ വിധേയരാണ് ഈ മൂന്ന് പേരും. 2011 ല്‍ തട്ടിപ്പ്  നടന്ന കാലത്ത് ബവിസി പിഎംസി ബാങ്കിന്റെ വായ്പാ വിഭാഗം കമ്മിറ്റിയംഗമായിരുന്നു. 2010 മുതല്‍ 2015 വരെ ബാനെ ലോണ്‍ റിക്കവറി കമ്മിറ്റി അംഗമായിരുന്നു. നന്ദ്രജോഗും ഇതേ സമിതിയില്‍ 13 വര്‍ഷത്തോളം അംഗമായിരുന്നു.

2019 സെപ്തംബറില്‍ തട്ടിപ്പ് വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ റിസര്‍വ് ബാങ്ക് പിഎംസി ബാങ്കിന് മുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹൗസിങ് ഡവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് വായ്പ നല്‍കിയതില്‍ ഉണ്ടായ ക്രമക്കേടുകളാണ് ബാങ്കിന് പാരയായത്.

Related Articles

© 2025 Financial Views. All Rights Reserved