
ഉള്ളി ഇന്ത്യക്കാരുടെ കണ്ണ് നനയിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കുത്തനെ കൂടിയ വില കാരണം ഉള്ളിയെ അടുക്കളയില്‍ നിന്ന് അകറ്റിനിര്‍ത്താനാണ് പലരും ആഗ്രഹിക്കുന്നത്. ഒരു കിലോയ്ക്ക് 99 രൂപാ വരെയാണ് വില. പെട്രോളിനേക്കാളും ഡീസലിനേക്കാളുമൊക്കെ വിലയുള്ള വസ്തുവായി ഉള്ളി മാറി കഴിഞ്ഞു. ഇന്ധന വിലവര്‍ധനവിനെതിരെ നമ്മള്‍ ചിലപ്പോള്‍ സമരമൊക്കെ ചെയ്‌തേക്കും. എന്നാല്‍ ഉള്ളിവില കൂടുന്നതിനെതിരെ ആരും സമരം ചെയ്യുന്നതൊന്നും കണ്ടിട്ടില്ല.
ഈ വില വര്‍ധനവ് സംഭവിക്കുമ്പോള്‍ ഉള്ളി കര്‍ഷകര്‍ക്ക് ഇത് നല്ലകാലമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. കാരണം നമ്മുടെ ധാരണകളെ ആകെ തകിടം മറിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഉള്ളികര്‍ഷകരുടെ ഒരു വീഡിയോ പോസ്റ്റ്. തങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് വിപണിയിലെത്തിക്കുന്ന ഉള്ളിയ്ക്ക് കിലോയ്ക്ക് വെറും എട്ടുരൂപയാണ് ലഭിക്കുന്നതെന്ന് ഈ കര്‍ഷകര്‍ പറയുന്നു. ഇത്രയും വില വിപണിയിലുള്ളപ്പോഴും വളരെ തുച്ഛമായ വിലയ്ക്കാണ് വ്യാപാരികള്‍ കര്‍ഷകരില്‍ നിന്ന് ഉള്ളിയെടുക്കുന്നത്. ഇത്രയും കുറഞ്ഞ വില കിട്ടിയിട്ട് തങ്ങള്‍ എങ്ങിനെ കുടുംബം നോക്കുമെന്നും കുട്ടികള്‍ക്ക് എങ്ങിനെ ഭക്ഷണം നല്‍കുമെന്നും കര്‍ഷകര്‍ ചോദിക്കുന്നു. ഇടത്തട്ടുകാരുടെ ഈ ചൂഷണങ്ങളില്‍ നിന്ന് തങ്ങളെപോലുള്ള പാവം കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
മിക്കവാറും എല്ലാ നഗരങ്ങളിലും ഉള്ളി വില കിലോയ്ക്ക് 100 രൂപ വരെയാണ്. കര്‍ഷകരില്‍ നിന്ന് ഉള്ളി വാങ്ങുന്ന വിലയേക്കാള്‍ ഏകദേശം ആയിരം മടങ്ങ് വിലയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്.അവിശ്വസനീയമായ ഈ വര്‍ദ്ധനവിന് കാരണം ഇടത്തട്ടുകാരുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയുമാണ്., അവര്‍ ഉള്ളി ഗോഡൗണുകളില്‍ സൂക്ഷിക്കുകയും കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. മണ്‍സൂണ്‍ മഴയില്‍ ഉള്ളി കൃഷിയ്ക്ക് വ്യാപകനാശം നേരിട്ടതിനാല്‍ ഉള്ളിക്ഷാമം രൂക്ഷമായതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.
ഇത് ഉള്ളി വില വര്‍ധിക്കുന്നതിലുള്ള ജനരോഷവും കുറക്കാന്‍ സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ അധികൃതര്‍ മടിക്കുകയാണെന്ന് തെളിയിക്കുന്നു. പ്രശ്‌നപരിഹാരത്തിന് ഇറാന്‍,ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.