
മുംബൈ: ഭാരത് പെട്രോളിയത്തിന്റെ ഓഹരി വില്‍പ്പനയ്ക്കായി ഈ മാസം തന്നെ താല്‍പര്യപത്രം ക്ഷണിച്ചേക്കും. വാങ്ങാന്‍ താല്‍പര്യം കാണിക്കുന്ന നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷം ടെന്‍ഡറിലേക്ക് നീങ്ങാനാണ് ആലോചന.
സാമ്പത്തിക പ്രതിസന്ധി മറികടന്ന് വരുമാനം വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായിയാണ് ഇതും അവതരിപ്പിക്കപ്പെടുന്നത്. ധനകമ്മി കുറക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ഇതിലൂടെ കരുതുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിട്ടിരുന്ന 1.05 ലക്ഷം കോടിയുടെ ഓഹരി വിറ്റഴിക്കലില്‍ 18,000 കോടി മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. എങ്കിലും വരും മാസങ്ങളില്‍ കൂടുതല്‍ കണ്ടെത്താനാകുമെന്നാണ് നിഗമനം.
അന്താരാഷ്ട്ര ഭീമന്മാരായ അരാംകോ, റോസ്‌നെഫ്റ്റ്, എക്‌സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ക്ക് ഭാരത് പെട്രോളിയത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും താല്‍പര്യമുളളതായാണ് സൂചന. താല്‍പര്യപത്രം, കമ്പനിയെക്കുറിച്ചുളള പ്രാഥമിക വിവര രേഖ എന്നിവയ്ക്ക് ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി അനുമതി നല്‍കയിട്ടുണ്ട്. താല്‍പര്യപത്രം ക്ഷണിക്കും മുന്‍പ് മന്ത്രിമാര്‍ ഉള്‍പ്പെട്ട മറ്റൊരു കമ്മിറ്റി കൂടി രേഖകള്‍ പരിശോധിക്കും.
ഹിന്ദുസ്ഥാന്‍ സിങ്ക്, ബാല്‍ക്കോ, സിഎംസി, മാരുതി സുസുക്കി, ഐപിസിഎല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ലഗാന്‍ എഞ്ചിനീയറിംഗ്, ജെസ്സോപ്പ് & കോ, മോഡേണ്‍ ഫുഡ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റേഴ്‌സ്, പരദീപ് ഫോസ്‌പേറ്റ്‌സ് എന്നിവ ഇതിനോടകം തന്നെ സ്വകാര്യവല്‍ക്കരിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ ശക്തിപകരാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.