മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ട് പിഎന്‍ബി; 586 കോടി രൂപ അറ്റാദായം

June 05, 2021 |
|
News

                  മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ട് പിഎന്‍ബി; 586 കോടി രൂപ അറ്റാദായം

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ 586 കോടി രൂപ അറ്റാദായം കുറിച്ചുകൊണ്ടാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ പാദത്തില്‍ 506 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള ചിത്രത്തില്‍ 697 കോടി രൂപ നഷ്ടമാണ് ബാങ്ക് നേരിട്ടിരുന്നത്. എന്തായാലും 2021 സാമ്പത്തിക വര്‍ഷം ഓരോ പാദത്തിലും അറ്റാദായം അനുക്രമമായി ഉയര്‍ത്താന്‍ ബാങ്കിന് സാധിച്ചു. ഡിസംബര്‍ പാദത്തില്‍ നിന്നും മാര്‍ച്ച് പാദത്തിലെത്തുമ്പോള്‍ 16 ശതമാനം വര്‍ധനവാണ് അറ്റാദായത്തില്‍ കണ്ടത്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പലിശ വരുമാനം 48.3 ശതമാനം കൂടി 6,938 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു. ഒരു വര്‍ഷം മുന്‍പിത് 4,677 കോടി രൂപയായിരുന്നു. ഇതേസമയം, ജനുവരി - മാര്‍ച്ച് കാലത്ത് ബാങ്കിന്റെ നിഷ്‌ക്രിയാസ്തിയും കൂടിയിട്ടുണ്ട്. 12.99 ശതമാനത്തില്‍ നിന്നും 14.12 ശതമാനമായാണ് നിഷ്‌ക്രിയാസ്തികളുടെ വിഹിതം ഉയര്‍ന്നത്. 2021 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രം പരിശോധിക്കുമ്പോള്‍ നിഷ്‌ക്രിയാസ്തി 5.73 ശതമാനം തൊടുന്നു. അവസാന പാദത്തില്‍ 22,531 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് മൊത്തം വരുമാനം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പുള്ള കണക്കുപുസ്തകത്തില്‍ 16,388 കോടി രൂപയാണ് പിഎന്‍ബി മൊത്തം വരുമാനം കുറിച്ചിരുന്നതും.

നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കിട്ടാക്കടം 5,293 കോടി രൂപയാണ്. ഒരു വര്‍ഷം മുന്‍പിത് 4,618 കോടി രൂപ മാത്രമായിരുന്നു. ഇത്തവണ കിട്ടാക്കടങ്ങളുടെ ബാധ്യത 15 ശതമാനം കൂടി. മാര്‍ച്ച് 31 പ്രകാരം പിഎന്‍ബിയുടെ ക്യാപിറ്റല്‍ അഡിക്വസി റേഷ്യോ (ബാങ്കിന്റെ മൂലധനവും അതിനുള്ള റിസ്‌കും തമ്മിലെ അനുപാതം) 14.32 ശതമാനമാണ്. വെള്ളിയാഴ്ച്ച 1.37 ശതമാനം നഷ്ടത്തിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ വ്യപാരം നിര്‍ത്തിയത്. 43.40 രൂപയില്‍ ആരംഭിച്ച് 43.10 രൂപയില്‍ പിഎന്‍പി ഓഹരികള്‍ ദിനം പിന്നിട്ടു.

Related Articles

© 2025 Financial Views. All Rights Reserved