ഖത്തര്‍ പെട്രോളിയം കടപ്പത്ര വില്‍പ്പനയ്ക്കൊരുങ്ങുന്നു; 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കും

April 27, 2021 |
|
News

                  ഖത്തര്‍ പെട്രോളിയം കടപ്പത്ര വില്‍പ്പനയ്ക്കൊരുങ്ങുന്നു; 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കടപ്പത്രങ്ങള്‍ പുറത്തിറക്കും

ദോഹ: വന്‍കിട പ്രകൃതി വാതക പദ്ധതിക്കുള്ള ചിലവ് കണ്ടെത്തുന്നതിനായി ഖത്തറിലെ പൊതുമേഖല എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയം കടപ്പത്ര വില്‍പ്പനയ്ക്കൊരുങ്ങുന്നു. 10 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള കടപ്പത്രങ്ങള്‍ ഈ പാദത്തില്‍ തന്നെ പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഡോളറിലുള്ള ആദ്യ കടപ്പത്ര വില്‍പ്പനയ്ക്ക് ഇടനിലക്കാരാകാന്‍ ഖത്തര്‍ പെട്രോളിയം ബാങ്കുകളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.   

ഏഴ് ബില്യണ്‍ ഡോളറിനും പത്ത് ബില്യണ്‍ ഡോളറിനുമിടയിലുള്ള 5,10,30 വര്‍ഷം കാലാവധിയുള്ള കടപ്പത്രങ്ങളാണ് കമ്പനി പദ്ധതിയിടുന്നത്. വില്‍പ്പന നടന്നാല്‍ ഈ വര്‍ഷം ലോകത്ത് നടക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് ഇടപാടുകളില്‍ ഒന്നാകുമിത്. മാത്രമല്ല ഉയര്‍ന്നുവരുന്ന വിപണികളിലെ ഏറ്റവും വലിയ ഇടപാടുമായിരിക്കും. ഖത്തര്‍ പെട്രോളിയം ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

കടപ്പത്ര വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണം നോര്‍ത്ത് ഫീല്‍ഡ് വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. 29 ബില്യണ്‍ ഡോളറിന്റെ  ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരെന്ന പദവി കൂടുതല്‍ ഉറപ്പിക്കാന്‍ ഖത്തറിനാകും. 2027ഓടെ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 50 ശതമാനം വര്‍ധിപ്പിച്ച് 126 മില്യണ്‍ ടണ്ണാക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക നിക്ഷേപമായ നോര്‍ത്ത് ഫീല്‍ഡ് ഖത്തറിന്റെയും ഇറാന്റെയും ഉടമസ്ഥതയിലാണ്.   

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഖത്തര്‍ സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളറിന്റെ കടപ്പത്രം പുറത്തിറക്കിയിരുന്നു. അന്ന് 45 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകള്‍ ആകര്‍ഷിക്കാന്‍ ഖത്തറിനായി. മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വ്വീസും എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സും അഅ  ക്രെഡിറ്റ് റേറ്റിംഗാണ് ഖത്തര്‍ പെട്രോളിയത്തിന് നല്‍കിയിരിക്കുന്നത്. ഖത്തര്‍ പെട്രോളിയം കടപ്പത്ര വില്‍പ്പന പദ്ധതിയിടുന്നതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved