
റോമാ സാമ്രാജ്യം ഒറ്റ ദിവസം കൊണ്ട് പണികഴിച്ചതല്ല എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടാകും. ബിസിനസിലേക്ക് ചുവടു വെക്കുന്നവര്‍ തുടക്കം എങ്ങനെയാകണമെന്ന് ഗൂഗിളിനോട് മുതല്‍ പരിചയത്തിലുള്ളവരോട് വരെ ചോദിക്കുമ്പോള്‍ ഈ വരികള്‍ പലതവണ കേള്‍ക്കുകയും ചെയ്യും. സംരംഭത്തിലേക്ക് ചുവടു വെക്കും മുന്‍പുള്ള പരാജയ ഭീതി മിക്കവര്‍ക്കുമുണ്ട്. നെഗറ്റിവിറ്റി എന്ന സ്വാഭാവിക പ്രക്രിയ മനുഷ്യരില്‍ എല്ലാവരിലുമുണ്ട്. ഇതിനെ ഘട്ടം ഘട്ടമായി പോസിറ്റീവാക്കി മാറ്റുകയാണ് വേണ്ടത്. സംരംഭം വിജയിക്കുന്നതിന് വേണ്ട മുഖ്യ ഗുണങ്ങളിലൊന്നാണ് നേതൃശേഷിയെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പല വിധത്തിലുള്ള ഗുണങ്ങള്‍ വേണ്ടതായിട്ടുണ്ട്. അതില്‍ ഒന്നാണിത്. ജീവിതത്തില്‍ തൊഴില്‍ രംഗത്തും വീട്ടിലും സൗഹൃദങ്ങളിലും അടക്കം ഒരാള്‍ എങ്ങനെ പെരുമാറുന്നു സന്ദര്‍ഭങ്ങളെയും പ്രതിസന്ധികളേയും കൈകാര്യം ചെയ്യുന്നു എന്നതാണ് വ്യക്തിയുടെ വിജയത്തിന്റെ പ്രധാന ഘടകമായി മാറുന്ന ഒന്ന്. മികച്ച ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ള ആളാണെങ്കില്‍ സംരംഭത്തിന്റെ വളര്‍ച്ച മികച്ച വേഗത്തിലായിരിക്കും.
ജീവിതത്തിലെ ഓരോ ഘട്ടത്തിലും നാം ലീഡേഴ്‌സ് ആണ്. നമ്മള്‍ തീരുമാനമെടുക്കുന്നു. മറ്റുള്ള വരുടെ ജീവിത്തെ സ്വാധീനിക്കുന്നു. വലിയ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നാം ആഗ്രഹിക്കുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും നമ്മെ സഹായത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമായി ആശ്രയിക്കുന്നവരേറെയുണ്ട്. ജീവിതത്തിലെ വ്യത്യസ്തമെന്ന് തോന്നിക്കുന്ന രണ്ട് ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് കാരണങ്ങളുണ്ട്.
ഒരു പ്രത്യേക സാഹചര്യത്തില്‍ വിജയിക്കാന്‍ നിങ്ങള്‍ പുലര്‍ത്തുന്ന തത്വം നിങ്ങളെ മറ്റു സാഹചര്യങ്ങളിലും വിജയിക്കാന്‍ സഹായിക്കും. ജീവനക്കാരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ട് തൊഴിലിടത്തില്‍ നിങ്ങള്‍ വിജയി ആണ്. എന്നാല്‍ അങ്ങനെ അല്ലാത്തതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ വിജയി ആയിരിക്കില്ല. വീട്ടില്‍ നിങ്ങള്‍ കൂടുതല്‍ ക്ഷമ കാണിക്കും. എല്ലാവരെയും സംരക്ഷിക്കുകയും ചെയ്യും. നിങ്ങള്‍ ടീമിലുള്ളവരോട് കഠിനമായാണോ മൃദുവായാണോ പെരുമാറുന്നതെന്നതല്ല കാര്യം. അവരെ നിങ്ങള്‍ തീവ്രമായി സംരക്ഷിക്കുന്നുണ്ടോ, അവരുടെ വിവിധ ആവശ്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് കാര്യം. നിങ്ങളുടെ കുടുംബത്തിലുള്ളവരെ നിങ്ങള്‍ കൂടുതല്‍ 'കെയര്‍' ചെയ്യുമായിരിക്കും.
പക്ഷേ ജോലി സ്ഥലത്തെ ആളുകള്‍ നിങ്ങള്‍ക്ക് കേവലം മാര്‍ഗങ്ങള്‍ മാത്രമായാല്‍, അവരെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധികള്‍ മാത്രമാക്കിയാല്‍ നിങ്ങള്‍ക്ക് ഉയരാന്‍ കഴിയില്ല. നിങ്ങള്‍ 'കെയര്‍' ചെയ്യുന്നതും അല്ലാത്തതും ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയും. നന്നായി 'കെയര്‍' ചെയ്തില്ല എങ്കില്‍ മറ്റുള്ളവരെ നിങ്ങളുമായി ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ടീമിലുള്ളവരുടെ കാര്യത്തില്‍ താന്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടുന്നുണ്ടോ, അവരെ ശരിയായി സംരക്ഷിക്കുന്നുണ്ടോ, അവരുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം.
ഇങ്ങനെയൊന്നുമല്ല എങ്കില്‍ നിങ്ങള്‍ക്ക് കാര്യ ക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നിങ്ങള്‍ അവരുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം കാട്ടിയാല്‍ അവര്‍ നിങ്ങള്‍ ഏല്‍പ്പിക്കുന്ന ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടും. നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ അവര്‍ നിങ്ങളെ പരമാവധി സഹായിക്കും. മറ്റുള്ളവരെ നയിക്കുക എന്നാല്‍ അവരെക്കൊണ്ട് ജോലി ചെയ്യിക്കുകയല്ല. ലീഡര്‍ഷിപ്പ് എന്നാല്‍ ടീമിലുള്ളവരെ സ്വാധീനിക്കലാണ്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ്.
അവര്‍ സംശയാലുക്കളും ദേഷ്യമുള്ളവരും കടുത്ത സമ്മര്‍ദം അനുഭവിക്കുന്നവരും നിരാശരും ആണെങ്കില്‍ ഒന്നും നടക്കില്ല. അത്തരം സാഹചര്യമാണോ നിങ്ങള്‍ അവര്‍ക്കായി ഒരുക്കിക്കൊടുക്കുന്നതെന്ന് നിങ്ങള്‍ പരിശോധിക്കണം.നിങ്ങളുടെ ഒരു പുഞ്ചിരി, പ്രശംസ, അവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കല്‍, അത് പരിഹരിക്കാന്‍ സഹായിക്കല്‍ തുടങ്ങിയവ ടീമംഗങ്ങളെ ഉത്തരവാദിത്ത ബോധമുള്ളവരാകാന്‍ ഏറെ സഹായിക്കും. വീട്ടിലായാലും ജോലിസ്ഥലത്തായാലും നിങ്ങളാണ് എല്ലാവരുടെയും ആശ്രയകേന്ദ്രം. നിങ്ങളാണ് നേതാവ്.
മികച്ച നേതാവായി വളരുന്നവര്‍ പുലര്‍ത്തുന്ന മൂന്ന് തത്വങ്ങളുണ്ട്. അവയെ പിന്തുടരുന്നത് ലീഡര്‍ഷിപ്പ് ഗുണം ആര്‍ജിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും: എല്ലാ പ്രവൃത്തികളുടെയും 100 ശതമാനം ഉത്തരവാദിത്തബോധം ഏറ്റെടുക്കുക. അങ്ങനെയായാല്‍ വീഴ്ചകളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചുമത്താന്‍ നിങ്ങള്‍ ശ്രമിക്കില്ല.
മറ്റുള്ളവരുടെ കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്തബോധം കാട്ടുക അപ്പോള്‍ നിങ്ങള്‍ ടീമിലെ ഓരോരുത്തരോടും കൂടുതല്‍ സ്‌നേഹവും വാത്സല്യവും കാണിക്കും. അവര്‍ നിങ്ങളോട് എല്ലാ കാര്യത്തിലും കൂടുതല്‍ താല്‍പ്പര്യം കാട്ടുകയും ചെയ്യും. നിങ്ങള്‍ ആരാണ് എന്നും എന്താണ് നിങ്ങളുടെ മുന്‍ഗണനകളെന്നും വ്യക്തത ഉണ്ടായിരിക്കുക അത്തരം കാര്യങ്ങളില്‍ വ്യക്തത ഉണ്ടെങ്കില്‍ നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും നിങ്ങളുടെ മുന്‍ഗണനകള്‍ക്കനുസരിച്ചായിരിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മേഖലയില്‍ നിങ്ങള്‍ക്ക് നല്ല ലീഡര്‍ ആകണമെങ്കില്‍ ഈ മൂന്ന് തത്വങ്ങള്‍ പാലിക്കുക.