രാഹുല്‍ ഭാട്ടിയക്ക് പിന്നാലെ ഇന്‍ഡിഗോയില്‍ നിന്ന് പടിയിറങ്ങി രാകേഷ് ഗാങ്വാള്‍

February 19, 2022 |
|
News

                  രാഹുല്‍ ഭാട്ടിയക്ക് പിന്നാലെ ഇന്‍ഡിഗോയില്‍ നിന്ന് പടിയിറങ്ങി രാകേഷ് ഗാങ്വാള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഭാട്ടിയക്ക് പിന്നാലെ ഇന്‍ഡിഗോയില്‍ നിന്ന് പടിയിറങ്ങി രാകേഷ് ഗാങ്വാള്‍. രാജ്യത്തെ മുന്‍നിര എയര്‍ലൈന്‍ ബ്രാന്‍ഡായ ഇന്‍ഡിഗോയുടെ സഹസ്ഥാപകന്‍ രാകേഷ് ഗാങ്വാള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വെച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബിലെ തന്റെ ഓഹരികള്‍ ക്രമേണ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാങ്വാളിനും അദ്ദേഹത്തിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍ഗ്ലോബ് ഏവിയേഷനില്‍ ഏകദേശം 37 ശതമാനം ഓഹരിയാണുള്ളത്. 15 വര്‍ഷത്തില്‍ ഏറെയായി താന്‍ കമ്പനിയില്‍ ദീര്‍ഘകാല ഓഹരി ഉടമയാണെന്നും ഒരാളുടെ ഓഹരികള്‍ വൈവിധ്യവത്ക്കരിക്കുന്നതിനെ പറ്റി എന്നെങ്കിലും ഒരിക്കല്‍ ചിന്തിക്കുന്നത് സ്വാഭാവികമാണെന്നും ബോര്‍ഡ് അംഗങ്ങള്‍ക്കയച്ച കത്തില്‍ ഗാങ്വാള്‍ വ്യക്തമാക്കി.

ജൂലൈ 2019ല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഭരണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി ഗാങ്വാള്‍ സെബിയ്ക്ക് കത്തെഴുതിയിരുന്നു. ഇതോടെയാണ് ഇന്‍ഡിഗോ സഹസ്ഥാപകരായ രാകേഷ് ഗാങ്വാളും, രാഹുല്‍ ഭാട്ടിയയും തമ്മിലുള്ള തര്‍ക്കം പരസ്യമായത്. എന്നാല്‍ കത്തിലെ പരാമര്‍ശങ്ങള്‍ ഭാട്യ നിരസിക്കുകയാണുണ്ടായത്.

2019ല്‍ ഇരുവരും തങ്ങള്‍ക്കിടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ലണ്ടന്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ സമീപിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് രാഹുല്‍ ഭാട്യയെ എംഡിയാക്കാന്‍ ഇന്‍ഡിഗോ ഓഹരി ഉടമകളുടെ അനുമതി തേടിയിരുന്നു. ഓഹരി ഉടമകള്‍ക്കുള്ള റിമോട്ട് ഇ-വോട്ടിംഗ് സംവിധാനം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 18 വരെ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. പോസ്റ്റല്‍ ബാലറ്റിന്റെ ഫലം മാര്‍ച്ച് 20 നോ അതിനുമുമ്പോ പ്രഖ്യാപിക്കും.

Related Articles

© 2025 Financial Views. All Rights Reserved