
രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ എയര്‍ലൈന്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയിരിക്കുകയാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ക്ലിയറന്‍സ് നല്‍കിയത്. ഇതോടെ ഇന്ത്യയുടെ വ്യോമയാന മേഖലയിലേക്ക് ഒരു എയര്‍ലൈന്‍ കൂടെയെത്തും. ആകാശ എയര്‍. എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും ടാറ്റയ്ക്ക് വിറ്റഴിച്ച ശേഷമാണ് പുതിയ ഒരു എയര്‍ലൈന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ബജറ്റ് കാരിയറുകളാണ് ആകാശ എയറും ലക്ഷ്യമിടുന്നത്. ഇരു കമ്പനികളുടെയും പുതിയ വിമാന സര്‍വീസുകള്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങും എന്നത് ശ്രദ്ധേയമാണ്.
ബജറ്റ് വിമാനങ്ങളുമായി തന്നെയാണ് ആകാശയും സര്‍വീസ് നടത്തുക. പ്രതീക്ഷിച്ചതു പോലെ തന്നെ 2022 പകുതിയോടെ തന്നെ എയര്‍ലൈനുകള്‍ സര്‍വീസ് തുടങ്ങിയേക്കും. ഇതിനുള്ള എന്‍ഒസി ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. 35 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് എയര്‍ലൈന്റെ 40 ശതമാനം ഓഹകരികള്‍ ജുന്‍ജുന്‍വാല സ്വന്തമാക്കിയേക്കും എന്നാണ് സൂചന.
അതേസമയം കൊവിഡ് മൂലം രാജ്യത്തെ വ്യോമയാന മേഖല കനത്ത നഷ്ടം നേരിടുന്നതിനിടയിലാണ് ജുന്‍ജുന്‍വാലയുടെ ചുവടുവയ്പ് എന്നതും ശ്രദ്ധേയമാണ് വളരെ കുറഞ്ഞ നിരക്കില്‍ ഉള്ള വിമാന സര്‍വീസുകള്‍ ആണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. മുന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് ഇങ്ക് മേധാവി, ഇന്‍ഡിഗോ മേധാവി ആദിത്യഘോഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം ആണ് എയര്‍ലൈന് നേതൃത്വം നല്‍കുക.
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് തന്നെ വാങ്ങിയതോടെ വ്യേമയാന മേഖലയിലെ പുതിയ അവസരങ്ങള്‍ മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റയ്ക്ക് കീഴില്‍ മുഖം മിനുക്കാനും പഴയ പ്രതാപം വീണ്ടെടുക്കാനും എയര്‍ ഇന്ത്യക്ക് കഴിഞ്ഞേക്കും. കമ്പനിയുടെ മൊത്തം കടത്തില്‍ 15,300 കോടി രൂപയുടെ ബാധ്യതയാണ് ടാറ്റ ഏറ്റെടുത്തത്. ഡിസംബറിനകം ടാറ്റ കമ്പനി പൂര്‍ണമായി ഏറ്റെടുക്കും. ഇതിനിടയിലാണ് ബജറ്റ് വിമാനങ്ങളുമായി പുതിയ എയര്‍ലൈന്‍ കമ്പനി തുടങ്ങാനുള്ള ജുന്‍ജുന്‍വാലയുടെ നീക്കവും. മാര്‍ച്ചിന് ശേഷം പുതിയ വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കും. വിമാനങ്ങള്‍ക്കായി എയര്‍ബസ്, എയര്‍ക്രാഫ്റ്റ് തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.