
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള നസറ ടെക്‌നോളജീസ് ഇനിഷ്യല്‍ പബ്ലിക്ക് ഓഫറുമായി (ഐപിഒ) എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ഗെയിമിംഗ് ടെക്‌നോളജി കമ്പനിയായി. മുംബൈ ആസ്ഥാനമായുള്ള മൊബൈല്‍ ഗെയിമിംഗ് കമ്പനി അവരുടെ ഐപിഒ രേഖകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്ക് വെള്ളിയാഴ്ച ഫയല്‍ ചെയ്തു.
ഗെയിമര്‍ നിതീഷ് മിറ്റെര്‍സെയ്ന്‍ 2000-ല്‍ സ്ഥാപിച്ച നസറ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍ആക്റ്റീവ് ഗെയിമിംഗ്, സ്പോര്‍ട്സ് മീഡിയ കമ്പനികളില്‍ ഒന്നാണ്. ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്, ഛോട്ടാ ഭീം, മോട്ടു പട്ലു സീരീസുകളിലെ ഗെയിമുകള്‍ വഴി പ്രസിദ്ധി ആര്‍ജിച്ചതാണ് നസറ. നസറയുടെ അനുബന്ധ കമ്പനിയായ നോഡ്വിന്‍ ഗെയിമിംഗ് രാജ്യത്തുടനീളം നിരവധി ഗെയിമിംഗ് ഇനങ്ങള്‍ നടത്തുന്നു. ഇന്ത്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവയുള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികളിലായി 60-ലധികം രാജ്യങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു.
കമ്പനിയുടെ പ്ലാറ്റ്‌ഫോം സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ്, ഫ്രീമിയം ബിസിനസ്, എസ്‌പോര്‍ട്‌സ് ബിസിനസ് എന്നിവ ഉള്‍പ്പെടുന്ന നിരവധി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. സ്മാര്‍ട്ട്ഫോണ്‍ ഗെയിമിംഗിലെ കുതിച്ചുചാട്ടം മൂലം നസറ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദശലക്ഷക്കണക്കിന് വരിക്കാരുടെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുത്തു. ഗെയിമിംഗ്, സ്പോര്‍ട്സ് മീഡിയ മേഖലയിലെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി നസറ വിവിധ ഗെയിമിംഗ് വിഭാഗങ്ങളില്‍ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും വര്ഷങ്ങളായി നടത്തി വരുന്നു.
അങ്ങനെ നടത്തിയ നിക്ഷേപങ്ങളില്‍ ചിലത് എസ്പോര്‍ട്ടുകള്‍, എഡ്യൂടൈന്‍മെന്റ്, ഇന്‍ഫോടെയ്ന്‍മെന്റ്, ഫാന്റസി സ്‌പോര്‍ട്‌സ്, മള്‍ട്ടിപ്ലെയര്‍ ഗെയിമുകള്‍, കാരം, മൊബൈല്‍ ക്രിക്കറ്റ് ഗെയിമുകള്‍ എന്നീ മേഖലകളിലാണ്. മൊബൈല്‍ ഗെയിമുകളില്‍ ഡബ്ല്യു.സി.സി, കരോംക്ലാഷ്, ഗാമിഫൈഡ് ആദ്യകാല പഠനത്തിലെ കിഡോപ്പിയ, എസ്പോര്‍ട്സ് ആന്റ് സ്പോര്‍ട്സ് മീഡിയയിലെ നോഡ്വിന്‍, സ്പോര്‍ട്സ്‌കീഡ, നൈപുണ്യം അടിസ്ഥാനമാക്കിയുള്ള, ഫാന്റസി, ട്രിവിയ ഗെയിമുകളില്‍ ഹാലാപ്ലേ, ഖുനാമി എന്നിവയുള്‍പ്പെടെയുള്ള ഐപികള്‍ കമ്പനി സ്വന്തമാക്കി.
ജുജുന്‍വാലയ്ക്ക് പുറമേ പ്ലൂട്ടസ് വെല്‍ത്ത് മാനേജ്മെന്റ്, ഐഐഎഫ്എല്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട്, ആമ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് പ്രധാന നിക്ഷേപകര്‍.
പ്രാരംഭ പബ്ലിക് ഓഫറിംഗിനായി കമ്പനിക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചത് 2018-ലായിരുന്നു. നസറ ടെക്‌നോളജീസ് 2019 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ ഏകീകൃത വരുമാനം 183 കോടി ഡോളറായിരുന്നു. 2018-ല്‍ 180 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.