
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ റേഷന്‍ കടകള്‍ സപ്ലൈകോ ഏറ്റെടുത്തു നടത്താന്‍ നീക്കം. തലസ്ഥാനത്തു സ്റ്റാച്യു പുളിമൂട്ടിലെ കട ഏറ്റെടുത്തതിനു പിന്നാലെയാണു ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ ഈ ആലോചന. തുടക്കത്തില്‍ എല്ലാ ജില്ലയിലും നഗരമേഖലയില്‍ ഒരു കടയും പിന്നീടു കൂടുതല്‍ കടകളുമാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.
നിലവില്‍ സംസ്ഥാനത്തുള്ള 14,234 റേഷന്‍ കടകളില്‍ മൂവായിരത്തോളം എണ്ണം നടത്താനാവാതെ വ്യാപാരികള്‍ തിരികെ നല്‍കിയതാണ്. ഇപ്പോള്‍ ഇതില്‍ ഭൂരിഭാഗവും സമീപത്തെ റേഷന്‍ കട ലൈസന്‍സികള്‍ക്ക് അധികച്ചുമതലയായി നല്‍കുകയോ അനുബന്ധമായി നടത്തുകയോ ആണു ചെയ്യുന്നത്. ഇവ സപ്ലൈകോ ഏറ്റെടുക്കുമ്പോള്‍ ഓരോ കടയിലും കുറഞ്ഞത് 2 താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കാം. പൊതുമേഖലാ സ്ഥാപനത്തിലേക്കുള്ള പിന്‍വാതില്‍ നിയമനമായി ഭാവിയില്‍ ഇതു മാറാമെന്ന് ആരോപണമുണ്ട്. തിരുവനന്തപുരത്ത് ഏറ്റെടുത്ത കടയില്‍ 2 ജീവനക്കാരെയാണു സപ്ലൈകോ നിയോഗിച്ചിരിക്കുന്നത്.