ഈ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കരുതെന്ന് റിസര്‍വ് ബാങ്ക്

December 05, 2020 |
|
News

                  ഈ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കരുതെന്ന് റിസര്‍വ് ബാങ്ക്

2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കരുതെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക്. കോവിഡ് വ്യാപനം മൂലമുള്ള സാമ്പത്തികാഘാതം മറികടക്കുന്നതിനുള്ള കരുതലായി ആസ്തിയില്‍ വര്‍ധന വരുത്താന്‍ വാണിജ്യ, സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയോട് ആര്‍ബിഐ നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയശേഷമാണ് ആര്‍ബിഐ തീരുമാനം അറിയിച്ചത്. വായ്പയെടുത്തവരുടെ കടബാധ്യത സംബന്ധിച്ച പരിഹാരത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം സാമ്പത്തിക സ്ഥിരതകൈവരിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

മൂലധനം വര്‍ധിപ്പിച്ച് പുതിയ വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഡിവഡന്റ് നല്‍കാതെ ലാഭംവര്‍ധിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും ബാങ്കുകളോട് അദ്ദേഹം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ ആര്‍ബിഐ പുറത്തിറക്കും. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ 2020 സാമ്പത്തികവര്‍ഷം ലാഭവിഹിതം നല്‍കരുതെന്ന് കഴിഞ്ഞ ഏപ്രിലില്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ക്കൂടി വിലയിരുത്തിയാണ് ഇക്കാര്യത്തില്‍ കേന്ദ്ര ബാങ്ക് അന്തിമതീരുമാനമെടുത്തത്. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി ഉടമകള്‍ക്ക് ലാഭവഹിതം തടസ്സമില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved