ഇന്ത്യന്‍ സമ്പദ് മേഖലയുടെ ഭാവി നിര്‍ണയിക്കുന്ന 5 മേഖലകള്‍ പരാമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍

July 27, 2020 |
|
News

                  ഇന്ത്യന്‍ സമ്പദ് മേഖലയുടെ ഭാവി നിര്‍ണയിക്കുന്ന 5 മേഖലകള്‍ പരാമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍

ഇന്ത്യന്‍ സമ്പദ് മേഖലയുടെ ഭാവി രൂപപ്പെടുത്താന്‍ പ്രാപ്തിയുള്ള അഞ്ച് മേഖലകളെ പരാമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാറ്റത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ സമ്പദ് രംഗത്തിന് വളരെ ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

കൃഷി, ആഗോള മൂല്യശൃംഖല, ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, പുനരുപയോഗ ഊര്‍ജം, അടിസ്ഥാന സൗകര്യം എന്നിവയാണ് സാധ്യതകളുടെ അഞ്ച് മേഖലകളായി ശക്തികാന്ത ദാസ് കണ്ടെത്തിയത്. കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നിരവധി പരിഷ്‌കരണങ്ങള്‍ വരുത്തുന്നുണ്ട് അത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകും. കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കുന്നതിനൊപ്പം സാമ്പത്തിക മേഖലയും മെച്ചപ്പെടും. സ്വാശ്രയത്വം കൈവരിക്കുക എന്നതിലുപരി മിച്ചം വരുന്ന വിളകളാകും രാജ്യത്തിന് വെല്ലുവിളിയാകുകയെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പുനരുപയോഗ ഊര്‍ജ മേഖലയില്‍ വലിയ മുന്നേറ്റം രാജ്യം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പുനരുപയോഗോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ 2015 ലെ 11.8 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചിലെത്തിയപ്പോള്‍ 23.4 ശതമാനമായി മാറിയിട്ടുണ്ടെന്നും ശക്തികാന്ത് ദാസ് പറയുന്നു. മാറിവരുന്ന ആഗോള മൂല്യശൃംഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം നമുക്ക് പ്രയോജനപ്പെടുത്താനാവുമെന്നും ആഗോളതലത്തില്‍ നമ്മുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള അവസരമാണിതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറയുന്നു. യുഎസും യുകെയും യൂറോപ്യന്‍ യൂണിയനുമൊക്കെയായുള്ള വ്യാപാര കരാറുകളും ഇതിന് ശക്തിപകരും. ഐറ്റി, കമ്മ്യൂണേക്കേഷന്‍ മേഖലകളിലും വളര്‍ച്ചയ്ക്കുള്ള അവസരം നമുക്കു മുന്നില്‍ തുറന്നിട്ടുണ്ട്. നമ്മുടെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആഗോളതലത്തില്‍ തുറക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാവും.

Related Articles

© 2025 Financial Views. All Rights Reserved