
ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി റിസര്‍വ് ബാങ്ക് തത്സമയ പണമിടപാട് സംവിധാനം ആരംഭിച്ചു. യുപിഐ 123 പേ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് അവതരിപ്പിച്ചത്. രാജ്യത്തെ 40 കോടിയോളംവരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ ഇതിലൂടെ കഴിയും. ഐവിആര്‍ (ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ്) നമ്പര്‍, ഫീച്ചര്‍ ഫോണിലെ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദതരംഗം തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളാണ് ഇതില്‍ ഉള്‍പ്പെടുക.
സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട്, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍, ഫാസ്ടാഗ് റീച്ചാര്‍ജ്, മൊബൈല്‍ റീച്ചാര്‍ജ്, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയവ സംവിധാനത്തിലൂടെ സാധ്യമാകും. ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാനും യു.പി.ഐ പിന്‍ സജീകരിക്കാനോ മാറ്റോനോ കഴിയും.
വെബ്സൈറ്റ്, ചാട്ട്ബോട്ട് എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും തുടങ്ങിയിട്ടുണ്ട്. അതിനായി ഡിജിസാതി വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 14431 അല്ലെങ്കില്‍ 1800 891 3333 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.