
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി എൽ.ടി.ആർ.ഒ സംവിധാനവുമായി ആർബിഐ. പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ നൂതന ആശയങ്ങൾ എവിടെ നിന്നാണെങ്കിലും സ്വീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളത് ആ അവസ്ഥയ്ക്ക് മാറ്റം വരുത്താനോ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനോ സഹായിക്കും. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും അതിനൊരു പ്രധാന കാരണം ഉപഭോഗം കുറയുന്നതാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം എന്ന നിലയിൽ കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ പണം വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ‘എൽ.ടി.ആർ.ഒ.’ എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്.
'ലോങ് ടേം റിപോ ഓപ്പറേഷൻ’ എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് എൽ.ടി.ആർ.ഒ. വഴി ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് നൽകാൻ ഉദ്ദേശിച്ചത്. ഓരോ ഘട്ടത്തിലും 25,000 കോടി രൂപ വീതം. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നെടുത്ത ആശയമാണ് എൽ.ടി.ആർ.ഒ.
എന്താണ് എൽ.ടി.ആർ.ഒ.?
എൽ.ടി.ആർ.ഒ. എന്നാൽ വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് (5.15%) പ്രകാരം ഗവണ്മെന്റ് സെക്യൂരിറ്റി കൊളാറ്ററൽ ആയി സ്വീകരിച്ചുകൊണ്ട് ആർ.ബി.ഐ. ഒന്നു മുതൽ മൂന്നു വർഷം വരെ കാലയളവിൽ അനുവദിക്കുന്ന ദീർഘകാല ലിക്വിഡിറ്റി ഫണ്ടിങ്ങാണ് എൽ.ടി.ആർ.ഒ.
നിലവിലുള്ള പ്രാധാന്യം
ഉപഭോഗം വർധിപ്പിക്കാനും ജനങ്ങളിലേക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം എത്തിക്കാനും ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് കൊടുക്കുന്ന റിപോ അധിഷ്ഠിത വായ്പ (ഹ്രസ്വകാല വായ്പ) നിരക്ക് 2019 ഫെബ്രുവരി മുതൽ 135 ബേസിസ് പോയിന്റ് (1.35 ശതമാനം) വരെ കുറവ് വരുത്തി. പക്ഷേ, ഇതിന്റെ പ്രയോജനം പൂർണമായി ഉപഭോക്താക്കൾക്ക് കൈമാറാൻ വാണിജ്യ ബാങ്കുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതിനു കാരണമായി വാണിജ്യ ബാങ്കുകൾ പറയുന്നത് അവർക്ക് കിട്ടുന്ന ഫണ്ടിൽ വളരെ കുറഞ്ഞ ഭാഗം മാത്രമേ റിപോ നിരക്ക് ബാധകമായ രീതിയിലുള്ള ഫണ്ട് ലഭിക്കുന്നുള്ളൂ എന്നതാണ്.
നിലവിലുള്ള ആർ.ബി.ഐ. നയപ്രകാരം റിപോ റേറ്റ് അധിഷ്ഠിത വായ്പ സാധാരണഗതിയിൽ ഏറ്റവും കൂടിയത് 14 ദിവസത്തേക്ക് മാത്രമേ വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാകുന്നുള്ളൂ. മറ്റൊന്ന് ലിക്വഡിറ്റി അഡ്‌ജസ്റ്റ് ഫെസിലിറ്റി (എൽ.എ.എഫ്.) ആണ്. ഇത് വളരെ പെട്ടെന്ന് ആർ.ബി.ഐ.യിൽനിന്നു ലഭ്യമാകുന്ന മറ്റൊരു ഫണ്ടാണ്. ഇതിൽ ഡിമാൻഡ് ആൻഡ് ടൈം ഡെപ്പോസിറ്റിന്റെ 0.75 ശതമാനം മാത്രമേ വാണിജ്യ ബാങ്കുകൾക്ക് അനുവദിച്ചു കിട്ടുകയുള്ളൂ.
എൽ.ടി.ആർ.ഒ.വിലൂടെ വാണിജ്യ ബാങ്കുകൾക്ക് റിപോ നിരക്കിൽ 14 ദിവസം എന്ന പരിധി മറികടന്ന് ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള ദീർഘകാല വായ്പ ലഭ്യമാകും എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എൽ.എ.എഫിന്റെ 0.75% എന്ന പരിധിയും മറികടക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിലേക്ക് ഫണ്ട് ലഭ്യമാകും എന്നുള്ളത് വാണിജ്യ ബാങ്കുകൾക്ക് ആശ്വാസമേകും. അതുവഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും ഗുണപ്രദമാണ്.
എൽ.ടി.ആർ.ഒ. പ്രക്രിയ
വാണിജ്യ ബാങ്കുകൾക്ക് നിലവിലുള്ള റിപോ റേറ്റ് പ്രകാരം എൽ.ടി.ആർ.ഒ. ലേലത്തിൽ പങ്കെടുക്കാൻ കഴിയും. ഓർഡർ സമർപ്പിച്ചുകഴിഞ്ഞാൽ അത് ആർ.ബി.ഐ.യുടെ നിലവിലുള്ള റിപോ നിരക്കിൽ കൂടിയാലും കുറഞ്ഞാലും അപേക്ഷ നിരസിക്കപ്പെടും. ഓവർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുകയാണെങ്കിൽ ശരിയായ അനുപാതത്തിൽ ഫണ്ട് അനുവദിക്കുന്നതാണ്. ഒരു ഘട്ടത്തിൽ 25,000 കോടി രൂപയാണ് അനുവദിക്കുന്നത്. നാലു ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് ആർ.ബി.ഐ. ലക്ഷ്യമിട്ടത്. പക്ഷേ, 1,00,105 കോടി രൂപ അനുവദിച്ചു.
നേട്ടങ്ങൾ
കുറഞ്ഞ നിരക്കിൽ കൂടുതൽ കാലയളവിൽ ഫണ്ട് ലഭ്യമാവുമ്പോൾ വ്യക്തിഗത വായ്പയുടെയും വാഹന വായ്പയുടെയും ഉൾപ്പെടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ നിർബന്ധിതരാവും. കോർപ്പറേറ്റ് ബോണ്ട് നിരക്ക്, നിക്ഷേപ നിരക്ക്, വായ്പാ നിരക്ക് എന്നിവ കുറയ്ക്കാനും ഉപഭോഗം വർധിക്കാനും ഇത് ഇടയാക്കും. ഫലത്തിൽ സമ്പദ്‌വ്യവസ്ഥയെ അത് ഉത്തേജിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർധിപ്പിക്കാനും ഇടയാവും.