
വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പ്രധാന പലിശനിരക്കായ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാനയം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായിരിക്കുന്നതിനാല്‍ തീരുമാനം വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമാണ്. പണപ്പെരുപ്പം 4% പ്ലസ് അല്ലെങ്കില്‍ മൈനസ് 2% ടാര്‍ഗെറ്റിനുള്ളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുമ്പോള്‍ തന്നെ ഈ സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാട് തുടരുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
റിവേഴ്‌സ് റിപ്പോ, ബാങ്ക് നിരക്ക്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി റേറ്റ് എന്നിവയും മാറ്റമില്ലാതെ തുടരും. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂലൈയില്‍ 6.73 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റില്‍ 6.69 ശതമാനമായി കുറഞ്ഞു. സിപിഐ പണപ്പെരുപ്പം 2019 ഓഗസ്റ്റില്‍ 3.28 ശതമാനമായിരുന്നു. 2021 നാലാം പാദം അവസാനത്തോടെ പണപ്പെരുപ്പം അതിന്റെ പരിധിയോട് അടുക്കുമെന്ന് സമിതിയ്ക്ക് തോന്നിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
2021 ലെ യഥാര്‍ത്ഥ ജിഡിപി 9.5 ശതമാനം കുറയാന്‍ സാധ്യതയുണ്ടെങ്കിലും വേഗത്തിലുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി ദാസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മാനസികാവസ്ഥ ഭയത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് മാറിയിരിക്കുന്നതായും ദാസ് പറഞ്ഞു. നിരവധി മേഖലകളുടെ വീണ്ടെടുക്കലിനെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതായി രൂപീകരിച്ച ധനനയ സമിതിയുടെ ആദ്യ യോഗമാണിത്.
സെന്‍ട്രല്‍ ബാങ്കിന്റെ ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പലിശ നിരക്കിന്റെ കാര്യത്തില്‍ ഏകകണ്ഠ തീരുമാനമാണ് എടുത്തത്. പാനലിലെ ആറ് അംഗങ്ങളില്‍ മൂന്നുപേരായ അഷിമ ഗോയല്‍, ജയന്ത് ആര്‍. വര്‍മ്മ, ശശാങ്ക് ഭൈഡെ എന്നിവരെ ഈ ആഴ്ച ആദ്യമാണ് സര്‍ക്കാര്‍ നിയമിച്ചത്.
രവീന്ദ്ര ധോളാകിയ, പാമി ദുവ, ചേതന്‍ ഘേറ്റ് എന്നിവരുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിച്ചതിനുശേഷം മൂന്ന് ബാഹ്യ അംഗങ്ങളുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടന്നതിനാല്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന വായ്പാനയ യോഗം ഈ ആഴ്ചത്തേയ്ക്ക് പുന: ക്രമീകരിക്കുകയായിരുന്നു. എംപിസി അംഗങ്ങള്‍ക്ക് വീണ്ടും നിയമനത്തിന് യോഗ്യതയില്ല.