
മുംബൈ: റിലയന്‍സ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികള്‍ തുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കമ്പനിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട് നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനത്തിന്റെ നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കേന്ദ്രബാങ്ക് കൈമാറി. ബാങ്ക് ഓഫ് മഹാരാഷ്ട്ര ലിമിറ്റഡിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വൈ നാഗേശ്വര്‍ റാവുവിനെ റിസര്‍വ് ബാങ്ക്, റിലയന്‍സ് കാപ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു.
2019 ജൂണ്‍ മാസത്തില്‍ ഓഡിറ്റര്‍മാര്‍ റിലയന്‍സ് കാപ്പിറ്റലിന്റെ പാദവാര്‍ഷിക ഫലങ്ങളില്‍ അവ്യക്തതകളുണ്ടെന്ന് ആരോപിച്ചിരുന്നു. അവരുടെ അക്കൗണ്ടിങ് രീതികളില്‍ വ്യക്തതയില്ലെന്നായിരുന്നു പ്രധാന കുറ്റം. പിന്നീട് കമ്പനിക്ക് തങ്ങളുടെ വായ്പകള്‍ തിരിച്ചടക്കാന്‍ സാധിക്കാതെയായി. പലിശയടക്കം 27,181 കോടി രൂപയുടെ ബാധ്യതകള്‍ കമ്പനിക്കുണ്ട്. കമ്പനിയുടെ അറ്റമൂല്യം -13,700 കോടി രൂപയാണ്. എന്നാല്‍ കമ്പനിയുടെ ബാധ്യതകള്‍ 40,000 കോടിക്കു മുകളിലാണെന്നു നിരീക്ഷകര്‍ കരുതുന്നു. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന കമ്പനി അഞ്ചു വര്‍ഷം കൊണ്ട് 19,000-ല്‍ പരം കോടിയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. അനില്‍ അംബാനിയായിരുന്നു കമ്പനി ചെയര്‍മാന്‍. റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് അടക്കം ആസ്തികള്‍ മിക്കതും ഈ വര്‍ഷങ്ങളില്‍ വിറ്റു.
റിലയന്‍സ് കാപ്പിറ്റല്‍ അടക്കം ആറു ലിസ്റ്റഡ് കമ്പനികളാണു ഗ്രൂപ്പിനുള്ളത്. റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് പവര്‍, റിലയന്‍സ് നേവല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഹോം എന്നിവയാണു മറ്റു കമ്പനികള്‍. ഇതില്‍ പവര്‍ മാത്രമേ കഴിഞ്ഞ പാദത്തില്‍ അറ്റാദായമുണ്ടാക്കിയിട്ടുള്ളു. ഗ്രൂപ്പിന്റെ ആറു കമ്പനികള്‍ക്കും കൂടി 50,868.9 കോടി രൂപ വിറ്റുവരവില്‍ 18,615.7 കോടി രൂപ അറ്റ നഷ്ടമുണ്ട്. കമ്പനികളുടെ അറ്റമൂല്യം മൈനസ് 59,284 കോടി രൂപയാണ്. മൊത്തം കടം 1,31,016 കോടി രൂപ. റിലയന്‍സ് കമ്യൂണിക്കേഷന്‍സും റിലയന്‍സ് നേവലും പാപ്പരത്ത നടപടികളിലാണ്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിലും റിലയന്‍സ് പവറിലും അനില്‍ അംബാനി മൂലധനം ഇറക്കുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇനി അതിന്റെ കാര്യവും സംശയത്തിലായി.
സ്രെയ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് ലിമിറ്റഡിനും സ്രെയ് എക്വിപ്‌മെന്റ് ഫിനാന്‍സ് ലിമിറ്റഡിനുമെതിരെ നേരത്തെ ആരംഭിച്ചതിന് സമാനമായ നടപടികളാണ് റിസര്‍വ് ബാങ്ക് റിലയന്‍സ് കാപ്പിറ്റലിന്റെ കാര്യത്തിലും ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സ് കാപിറ്റല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.