
എടിഎം മെഷീനുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണം റീഫില്‍ ചെയ്യാത്ത ബാങ്കുകള്‍ക്കെതിരെ നടപടികള്‍ക്കൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കാതെ ജനങ്ങള്‍ക്കുണ്ടാകുന്ന വിഷമതകള്‍ പരിഗണിച്ചാണ് കേന്ദ്ര ബാങ്കിന്റെ ഈ തീരുമാനം. എടിഎം മെഷീനുകളില്‍ പണം കാലിയായതിന് ശേഷം നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ വീണ്ടും പണം നിറയ്ക്കാതിരുന്ന ബാങ്കുകളില്‍ നിന്നും പിഴ ഈടാക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.
ഒരു മാസത്തില്‍ ആകെ 10 മണിക്കൂറുകളില്‍ കൂടുതല്‍ സമയം പണമില്ലാതെ കാലിയായി കിടക്കുന്ന എടിഎമ്മുകളുടെ ബാങ്കുകള്‍ക്കെതിരെയായിരിക്കും ഈ പിഴ ഈടാക്കല്‍ നടപടിയുണ്ടാവുക. 2021 ഒക്ടാബര്‍ മാസം 1 ാം തീയ്യതി മുതല്‍ പുതിയ നിയമം നടപ്പിലാകും. എടിഎമ്മുകളിലൂടെ എല്ലാ സമയത്തും പൊതു ജനങ്ങള്‍ക്ക് മതിയായ പണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ പിഴ ഈടാക്കല്‍ നടപടിയിലേക്ക് കടക്കുന്നതെന്ന് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതും റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. തങ്ങളുടെ ശാഖാ ശൃംഖലകളിലൂടെയും എടിഎം ശൃംഖലകളിലൂടെയും പൊതു ജനങ്ങളിലേക്ക് ഈ ബാങ്ക് നോട്ടുകള്‍ വിതരണം ചെയ്തു കൊണ്ട് ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്കിന്റെ ഉത്തരവ് പാലിക്കാം. എടിഎമ്മുകളില്‍ നിന്നും കൃത്യ സമയത്ത് പണം ലഭിക്കാത്തതു കാരണം പൊതു ജനങ്ങള്‍ക്ക് പല തരത്തിലുള്ള അസൗകര്യങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.
ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാരും എടിഎമ്മുകളിലെ പണ ലഭ്യത കൃത്യമായി വിലയിരുത്തുകയും പണമില്ലാത്ത അവസ്ഥ ഒഴിവാക്കുന്നതിനായി യഥാ സമയം പണം നിറയ്ക്കണമെന്നും ആര്‍ബിഐ അറിയിച്ചു. ഈ പ്രവര്‍ത്തന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ പരാതികളും ഗൗരവകരമായി തന്നെ പരിശോധിക്കും. നിശ്ചിത സമയത്തിലേറെ എടിഎമ്മുകള്‍ ഇനി കാലിയായിക്കിടന്നാല്‍ അത് പിഴ ഈടാക്കുവാന്‍ കാരണമാകും - ആര്‍ബിഐ പറഞ്ഞു. 2021 ഒക്ടോബര്‍ 1 മുതലാണ് ഈ നിബന്ധന ആര്‍ബിഐ നടപ്പിലാക്കിത്തുടങ്ങുക. ഒരു മാസത്തില്‍ 10 മണിക്കൂര്‍ സമയത്തില്‍ ഏറെ പണമില്ലാതെ കാലിയായിക്കിടക്കുന്ന എടിഎമ്മുകളുടെ ബാങ്കുകളില്‍ നിന്നും 10,000 രൂപാ വീതമാണ് ആര്‍ബിഐ പിഴ ഈടാക്കുക.
വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ ആണെങ്കില്‍ ബാങ്കിന്റെ മേല്‍ തന്നെയാണ് പിഴ ഈടാക്കുക. ബാങ്കിന് തങ്ങളുടെ സ്വന്തം തീരുമാന പ്രകാരം വൈറ്റ് ലേബല്‍ ഓപ്പറേറ്ററില്‍ നിന്നും പിഴ തുക തിരികെ ഈടാക്കുകയോ, ഈടാക്കാതിരിക്കുകയോ ചെയ്യാം. 2021 ജൂണ്‍ മാസത്തിലെ അവസാനത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് വിവിധ ബാങ്കുകളുടേതായി ആകെ 2,13,766 എടിഎമ്മുകളാണ് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.