
കൊച്ചി: കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ ഓഹരി വിപണിയിലും വന്‍ നേട്ടമുണ്ടായതിന്റെ ആഹ്ലാദത്തിലാണ് നിക്ഷേപകര്‍. തിങ്കളാഴ്ച്ച 37494.12ല്‍ ക്ലോസ് ചെയ്ത സെന്‍സെക്‌സ് ചൊവ്വാഴ്ച്ച രാവിലെ 37,658.48 ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിക്കുമ്പോള്‍ 147.15 പോയിന്റ് ഉയര്‍ന്ന് 37,641.27ല്‍ എത്തിയിരുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.50 പോയിന്റ് ഉയര്‍ന്ന് 11,105.40ല്‍ എത്തിയാണ് വ്യാപാരം അവസാനിച്ചത്.
മിക്ക കമ്പനികളുടേയും ഓഹരിയില്‍ മികച്ച മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. ബാങ്ക് നിഫ്റ്റിയിലാണ് ഏറ്റവുമധികമായി മുന്നേറ്റം കാണാന്‍ സാധിക്കുന്നത്. ഈ വേളയിലാണ് നിഫ്റ്റിയ്ക്ക് ബുധനാഴ്ച്ചത്തെ വ്യാപാരത്തില്‍ 11,176ല്‍ റസിസ്റ്റന്‍സ് നേരിടേണ്ടി വരുമെന്ന് ചോയ്‌സ് ബ്രോക്കിങ് വൈസ് പ്രസിഡന്റായ ബിനു ജോസഫ് അഭിപ്രായപ്പെടുന്നത്. 11,030 ലെവലിലും 11,085 ലെവലിലും സപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാമെന്ന ആര്‍ബിഐ തീരുമാനവും വന്നിരിക്കുന്നത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡിന്റെ അംഗീകാരം വന്നതോടെ ധനകമ്മി കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് സഹായമാവുന്നത്. സമിതിയുടെ ശുപാര്‍ശ കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചതോടെ 2020 മാര്‍ച്ചിനകം ബജറ്റല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 64 ശതമാനം അധികം തുക ആര്‍ബിഐയില്‍ നിന്നും ലഭിക്കും.
ആര്‍ബിഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,23,414 കോടി രൂപയാണ് നീക്കിയിരിപ്പായുള്ളത്. ഈ തുകയും പുതുക്കിയ മൂലധനച്ചട്ടക്കൂട് (ഇസിഎഫ്) പ്രകാരം കണ്ടെത്തിയ 52, 637 കോടി രൂപയും അടക്കം 1,76,051 കോടി രൂപയാണ് പുത്തന്‍ തീരുമാനത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ഈ വേളയില്‍ ഇതിനൊപ്പം തന്നെ ചര്‍ച്ചയാകുകയാണ് ആര്‍ബിഐ ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിന്റെ രാജി. കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്.
ആഗോള തലത്തില്‍ നിന്നും ശുഭസൂചകമായ വാര്‍ത്തകളാണ് വരുന്നത്. ഒരു ശതമാനം നേട്ടത്തിലാണ് യുഎസ് വിപണി കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളില്‍ മിക്കതിലും മികച്ച രീതിയില്‍ വ്യാപാരം പുരോഗമിക്കുന്നത് ഓഹരി ഉടമകള്‍ക്കടക്കം ആശ്വാസം നല്‍കുകയാണ്. മാത്രമല്ല അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാാര തര്‍ക്കം അവസാനിക്കുന്നതിന്റെ സൂചനയെന്നവണ്ണം രണ്ട് രാജ്യങ്ങളുടേയും ഭാഗത്ത് നിന്നും ശുഭകരമായ സൂചനകള്‍ ലഭിക്കുന്നതിനാല്‍ ആഗോള വിപണിയും ഉണരുകയാണ്. മാത്രമല്ല അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കങ്ങളും പരിഹരിക്കുന്നതിന് ചര്‍ച്ചകളുണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ധന വിലയില്‍ ഇടിവ് വരുന്നതിന് കാരണമായിട്ടുണ്ട്.
ഇന്നലെ ഇന്ത്യന്‍ വിപണി ക്ലോസ് ചെയ്ത ശേഷം ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ബിമല്‍ ജെലാന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനുള്ള തീരുമാനം പുറത്തു വന്നിരുന്നു. ഇതിന്‍ പ്രകാരം ആര്‍ബിഐ കേന്ദ്ര ഗവണ്‍മെന്റിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നല്‍കുന്നതിനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ ധനക്കമ്മി വലിയ തോതില്‍ കുറയുന്നതിന് ഇടയാക്കും. ഇത് ഇന്ന് ബോണ്ട് വിലകളില്‍ ഒരു റാലിയുണ്ടാകാനും ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തമാകുന്നതിനും ഇടയാക്കിയിട്ടുണ്ട്. രൂപ ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ വന്നതോടെ ഐടി സെക്ടറില്‍ ലാഭമെടുക്കല്‍ പ്രവണതയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഐടി സെക്ടര്‍ ഒഴികെ എല്ലാ സെക്ടറുകളിലും രാവിലെ മുതല്‍ നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോഴും വില്‍പനയ്ക്ക് എത്തുന്നുണ്ട്. ഇന്നലെയും 750 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിവാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് പുറത്തു വരുന്ന രണ്ടാം പാദ ജിഡിപി ഡാറ്റയായിരിക്കും വിപണിയുടെ പ്രവണതകളെ വരും ദിവസങ്ങളില്‍ നിയന്ത്രിക്കാന്‍ പോകുന്നത് എന്നാണ് കരുതുന്നത്.