യുദ്ധത്തിനിടയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്; റഷ്യയില്‍ നിന്നും വാങ്ങിക്കൂട്ടുന്നത് 15 മില്യണ്‍ ബാരല്‍ എണ്ണ

April 23, 2022 |
|
News

                  യുദ്ധത്തിനിടയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്; റഷ്യയില്‍ നിന്നും വാങ്ങിക്കൂട്ടുന്നത് 15 മില്യണ്‍ ബാരല്‍ എണ്ണ

യുദ്ധത്തിനിടയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്ന്‍ ആക്രമിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ സമുച്ചയത്തിന്റെ ഓപ്പറേറ്ററായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏകദേശം 15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് വ്യാപാര വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ പാദത്തില്‍ പ്രതിമാസം ശരാശരി 5 ദശലക്ഷം ബാരല്‍ റിലയന്‍സ് വാങ്ങിയതായി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് റിലയന്‍സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉക്രെയ്ന്‍ യുദ്ധത്തിന് മുമ്പ്, റിലയന്‍സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഉയര്‍ന്ന ചരക്ക് ചെലവ് കാരണം റഷ്യന്‍ എണ്ണ അപൂര്‍വ്വമായി വാങ്ങിയിരുന്നു. എന്നാല്‍ റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധം സ്ഥിതി വ്യത്യസ്തമാക്കി. ഇത് നിരവധി എണ്ണ ഇറക്കുമതിക്കാരെ മോസ്‌കോയുമായുള്ള വ്യാപാരത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. ഇത് ക്രൂഡ് വില റെക്കോര്‍ഡ് കിഴിവിലേക്ക് താഴ്ത്തി.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ, ഉയര്‍ന്ന എണ്ണ വിലയില്‍ കനത്ത തിരിച്ചടി നേരിടുന്നതിനാല്‍, ഇന്ത്യന്‍ റിഫൈനര്‍മാര്‍ വില കുറഞ്ഞ ബാരലുകള്‍ വാങ്ങിക്കൂട്ടി. പ്രതിദിനം ആവശ്യമുള്ള 5 ദശലക്ഷം ബാരല്‍ എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഉക്രെയ്‌നില്‍ വെടിനിര്‍ത്തലിന് ഇന്ത്യ ആഹ്വാനം ചെയ്‌തെങ്കിലും മോസ്‌കോയുടെ നടപടികളെ വ്യക്തമായി അപലപിച്ചിട്ടില്ല. അധിനിവേശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഒന്നിലധികം പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ ഇന്ത്യയിലെ റിലയന്‍സ് നടത്തുന്ന സിക്ക തുറമുഖത്ത് ഏപ്രില്‍ 5 നും മെയ് 9 നും ഇടയില്‍ എത്തിച്ചേരുന്നതിനായി ഏകദേശം 8 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ, തയാറാകുന്നതായി റിഫിനിറ്റീവ് ഡാറ്റ കാണിക്കുന്നു. ഈ ബാരലുകളില്‍ ഭൂരിഭാഗവും റഷ്യന്‍ വ്യാപാരിയായ ലിറ്റാസ്‌കോയാണ് വിതരണം ചെയ്യുന്നതെന്നും റിഫിനിറ്റീവ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. വിതരണ അടിസ്ഥാനത്തിലാണ് റിലയന്‍സ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് പടിഞ്ഞാറന്‍ ഇന്ത്യയിലെ ജാംനഗര്‍ സമുച്ചയത്തില്‍ പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ (ബിപിഡി) എണ്ണ സംസ്‌കരിക്കാന്‍ കഴിയുന്ന രണ്ട് റിഫൈനറികള്‍ നടത്തിവരികയാണ്.

Related Articles

© 2025 Financial Views. All Rights Reserved