
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ കടവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കടവുമായി ബന്ധപ്പെട്ട വിശദീകരണം അനില്‍ അംബാനി തന്നെ ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. 14 മാസം കൊണ്ട് 35,000 കോടി രൂപയുടെ കടബാധ്യത തീര്‍ത്തെന്നാണ് അനില്‍ അംബാനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. കമ്പനി 14 മാസം കൊണ്ട് എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍പ്പാക്കിയന്നാണ് പറയുന്നത്.
2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മെയ് 31 വരെയുള്ള കാലയളവിലാണ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് 35,000 കോടി രൂപ വിവധ ഘട്ടങ്ങളിലായി അടച്ചുതീര്‍ത്തത്. ഇതില്‍ 24,800 കോടി രൂപ ആകെ മൊതലായി അടച്ചുതീര്‍ത്തുവെന്നാണ് പറയുന്നത്. പലിശയിനത്തില്‍ 10,600 കോടി രൂപയും അടച്ചു തീര്‍ത്തെന്നും അനില്‍ അംബാനി വ്യക്തമാക്കി.
കമ്പനിയുടെ വിവിധ അസറ്റുകള്‍ വിറ്റാണ് അനില്‍ അംബാനി 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മെയ് മാസം വരെയുള്ള കാലയളവില്‍ കമ്പനിയുടെ ആകെ വരുന്ന കടം തീര്‍ത്തത്. റിലയന്‍സ് ടെലി കമ്മ്യൂണിക്കേഷന്റെ തകര്‍ച്ചയെല്ലാം വലിയ പ്രതിസന്ധിയാണ് കമ്പനിക്കുമേല്‍ സൃഷ്ടിച്ചത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഫ്രാ ഗ്രൂപ്പ്, റിലയന്‍സ് ക്യാപിറ്റല്‍ ഗ്രൂപ്പ് എന്നിവ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോഴും കടന്നുപോകുന്നത്.
അതേസമയം പതിനാല് മാസംകൊണ്ട് കമ്പനി തരണം ചെയ്തത് വലിയ പ്രതിസന്ധിയാണെന്ന് അംബാനി പറഞ്ഞു. കമ്പനിയുടെ വിവധ ആസ്തി വില്‍പ്പനയിലൂടെയാണ് അനില്‍ അംബാനി കമ്പനിക്കുണ്ടായ ഭീമമായ സാമ്പത്തിക ബാധ്യത തീര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കാലാവധിക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടം തീര്‍ക്കുകയായിരുന്നു അനില്‍ അംബാനിയുടെ പ്രധാന ലക്ഷ്യം. റിലയന്‍സ് ഗ്രൂപ്പിനെതിരെ നിരന്തരം അനിവാശ്യ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരി ഉടമകള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അനില്‍ അംബാനി വ്യക്തമാക്കി. കമ്പനിക്കെതിരെ ചിലരിപ്പോഴും വ്യാജ വാര്‍ത്തകള്‍ അഴിച്ചുവിടുന്നുണ്ടെന്നാണ് അനില്‍ അംബാനി ആരോപിക്കുന്നത്.