
മുംബൈ: മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20 ന് തുടങ്ങും. ജൂണ്‍ മൂന്നു വരെയാണ് അപേക്ഷിക്കാന്‍ കഴിയുക. 1,275 രൂപ നിരക്കില്‍ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് റിലയന്‍സിന്റെ 15 ഓഹരികളുള്ളവര്‍ക്ക് ഒരു ഓഹരി വീതം ലഭിക്കും. 53,125 കോടി രൂപയാണ് അവകാശ ഓഹരിയിലൂടെ കമ്പനി സമാഹരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ അവകാശ ഓഹരി വില്പനയായിരിക്കുമിതെന്നാണ് കരുതുന്നത്.
ഇഷ്യു ഭാഗികമായി പണമടച്ചുള്ള ഷെയറുകളായി രൂപകല്‍പ്പന ചെയ്യപ്പെടും, മാത്രമല്ല ഒരു നിശ്ചിത കാലയളവില്‍ നിക്ഷേപത്തിന്റെ വിഹിതം ഒഴിവാക്കാന്‍ ഷെയര്‍ഹോള്‍ഡര്‍മാരെ പ്രാപ്തമാക്കുകയും ചെയ്യും. അവകാശ ഓഹരിയ്ക്ക് ആഗ്രഹിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ അപേക്ഷിക്കുന്ന സമയത്ത് ഒരു ഓഹരിക്ക് 314.25 രൂപ വീതവും ബാക്കി 942.75 രൂപ കമ്പനി നിശ്ചയിക്കുന്ന പ്രകാരം ഒന്നോ അതിലധികമോ തവണയായും നല്‍കണം.
മുപ്പതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി പുറത്തിറക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ റൈറ്റ്സ് ഇഷ്യു കമ്മിറ്റയാണ് ഇഷ്യു തിയതിയുമായി ബന്ധപ്പെട്ടവിവരങ്ങള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് കൈമാറിയത്. 2021 മാര്‍ച്ചോടെ കടരഹിത കമ്പനിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അവകാശ ഓഹരി വില്പന നടത്തുന്നത്.