
ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസില്‍ നിക്ഷേപം നടത്തി റിലയന്‍സ്. റിലയന്‍സ് സ്ട്രാറ്റജിക്ക് ബിസിനസ് വെന്‍ച്വേഴസ് (ആര്‍എസ്ബിവിഎല്‍) ആണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികള്‍ സമാഹരിച്ചത്. ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ക്ലിനിക്കുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, ഫാര്‍മ കമ്പനികള്‍ എന്നിവ ഉള്‍പ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയറും ക്ലിനിക്കല്‍ റിസര്‍ച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന കമ്പനിയാണ് സ്ട്രാന്‍ഡ്.
2023 മാര്‍ച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയന്‍സിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള ആരോഗ്യസംവിധാനങ്ങള്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രാന്‍ഡില്‍ നിക്ഷേപം നടത്തിയെന്ന് റിലയന്‍സ് അറിയിച്ചു. ഓഗസ്റ്റില്‍ നിയോലിങ്ക് സൊല്യൂഷന്‍സില്‍ 20 കോടിയുടെ നിക്ഷേപം റിലയന്‍സ് നടത്തിയിരുന്നു.