
കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ 30ന് അവസാനിച്ച ആദ്യ മൂന്നുമാസ കാലയളവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 12,273 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 13,233 കോടിയെ അപേക്ഷിച്ച് ഏഴു ശതമാനം ഇടിവുണ്ടായി. ലോക്ഡൗണ്‍, റീട്ടെയില്‍ ബിസിനസിനെ ബാധിച്ചതാണ് ലാഭം കുറയാന്‍ കാരണം. അതേസമയം, വരുമാനം 91,238 കോടിയില്‍ നിന്ന് 1,44,372 കോടി രൂപയായി ഉയര്‍ന്നു.
ടെലികോം സംരംഭമായ ജിയോയുടെ അറ്റാദായം ഇതേ കാലയളവില്‍ 44.9 ശതമാനം വര്‍ധിച്ച് 3,651 കോടി രൂപയായി. ജിയോയുടെ വരുമാനം 18,952 കോടി രൂപയായി ഉയര്‍ന്നു. ഇത് 10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം കഴിഞ്ഞ പാദത്തിലെ 138.2 രൂപയില്‍ നിന്ന് 138.4 രൂപയായി ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തം ചെലവ് പ്രതിവര്‍ഷം 50 ശതമാനം ഉയര്‍ന്ന് 1.31 ലക്ഷം കോടി രൂപയായി. ഓയില്‍-ടു-ടെലികോം കമ്പനികളുടെ വരുമാനം 58 ശതമാനം ഉയര്‍ന്ന് 1.44 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 91,238 കോടി രൂപയായിരുന്നു.