
പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ ജിയോ വര്‍ധനവരുത്തി. 2,020 രൂപയില്‍ നിന്ന് 2,121 രൂപയായാണ് നിരക്ക് കൂട്ടിയത്. അതേസമയം, പ്ലാനില്‍നിന്നുള്ള ആനുകൂല്യത്തില്‍ മാറ്റമൊന്നുമില്ല. വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ പ്രതിമാസം(ജിയോയുടെ കണക്കില്‍ 28 ദിവസം) 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക. ജിയോ ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ മുഴുവനായും സൗജന്യമായി നല്‍കിയ സേവനങ്ങളുടെ നിരക്കുകളാണ് ഇപ്പോള്‍ പല ഘട്ടങ്ങളിലായി കൂട്ടിക്കൊണ്ടിരിക്കുന്നത്. ഇതോടെ ജിയോ ഉപഭോക്താക്കള്‍ വെട്ടിലായിരിക്കുകയാണ്.
വാര്‍ഷിക പ്ലാന്‍ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി.ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി.ബി ഡാറ്റയാണ് ഉപയോഗിക്കാന്‍ കഴിയുക. ജിയോയില്‍നിന്ന് ജിയോ നമ്പറുകളിലേയ്ക്കുള്ള കോളുകള്‍ സൗജന്യമാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും ലഭിക്കും. ദിനംപ്രതി 100 എസ്എംഎസും സൗജന്യമാണ്. അതേസമയം മറ്റ് പ്ലാനുകള്‍ക്കൊന്നും മാറ്റംവരുത്തിയിട്ടില്ല. 555 രൂപയുടെ പ്ലാന്‍ പ്രകാരം 84 ദിവസത്തേയ്ക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ഉപയോഗിക്കാം. ഇതുപ്രകാരം മൊത്തം ലഭിക്കുക 126 ജി.ബി ഡാറ്റയാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 3000 മിനുട്ട് സംസാരസമയവും ലഭിക്കും.
ജനുവരിയില്‍ പുറത്തുവന്ന ട്രായ് റിപ്പോര്‍ട്ട് അനുസരിച്ച് 4ജി ശരാശരി ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമതായി തുടരുകയാണ് ജിയോ. തൊട്ടടുത്തുള്ള എയര്‍ട്ടെല്ലിനെ പിന്നിലാക്കിയാണ് ഇരട്ടി ഡേറ്റ സ്പീഡുമായി ജിയോ ഈ നേട്ടം കൈവരിച്ചത്. ജിയോയുടെ 4ജി നെറ്റ്വര്‍ക്കിന്റെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് 18.8 മെഗാബൈറ്റാണ്. എന്നാല്‍ തെട്ടുപിന്നിലുള്ള എയര്‍ട്ടെല്ലിന്റെ സ്പീഡ് 9.5 മെഗാബൈറ്റ് മാത്രമാണ്. എയര്‍ട്ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ സേവനദാതാക്കള്‍ 2ജി, 3ജി, 4ജി എന്നിങ്ങനെ നെറ്റ്വര്‍ക്കുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ജിയോ 4ജി സേവനം മാത്രമാണ് തുടക്കം മുതലേ നല്‍കി വരുന്നത്. ട്രായ് റിപ്പോര്‍ട്ട് അനുസരിച്ച് വോഡഫോണിന്റെ ശരാശരി സ്പീഡ് 6.7 എംബിപിഎസും ഐഡിയയുടേത് 5.5 എംബിപിഎസും ആണ്. 2018 മുതല്‍ കഴിഞ്ഞ 13 മാസങ്ങളായി ഏറ്റവും വേഗതയേറിയ ശരാശരി ഡൗണ്‍ലോഡ് സ്പീഡുമായി മികച്ച 4ജി സേവന ദാതാക്കളായി തുടരുകയാണ് റിലയന്‍സ് ജിയോ.