
ആഗോള നിക്ഷേപ സ്ഥാപനമായ ജിഐസി റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിലേക്ക് (ആര്‍ആര്‍വിഎല്‍) 5,512.5 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചു. മറ്റൊരു നിക്ഷേപ സ്ഥാപനമായ ടിപിജിയും 1,837.5 രൂപ നിക്ഷേപിക്കും. ജിഐസി, ടിപിജി നിക്ഷേപം യഥാക്രമം ആര്‍ആര്‍വിഎല്ലിലെ 1.22 ശതമാനവും 0.41 ശതമാനവും ഓഹരി പങ്കാളിത്തം നേടുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
5,512.5 കോടി രൂപ ജിഐസി നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (റിലയന്‍സ് ഇന്‍ഡസ്ട്രീസ്) റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡും (ആര്‍ആര്‍വിഎല്‍) വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ആര്‍വിഎല്ലിലെ പുതിയ നിക്ഷേപങ്ങള്‍ സ്ഥാപനത്തെ പ്രീ-മണി ഇക്വിറ്റി മൂല്യമായ 4.285 ലക്ഷം കോടി രൂപ വിലമതിക്കുന്ന കമ്പനിയാക്കി മാറ്റി.
റിലയന്‍സ് റീട്ടെയില്‍ കുടുംബത്തിലേക്ക് ജിഐസിയെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ലോകമെമ്പാടുമുള്ള നാലു പതിറ്റാണ്ടിലേറെ നീണ്ട ദീര്‍ഘകാല മൂല്യ നിക്ഷേപത്തിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള ജിഐസി, ഇന്ത്യന്‍ റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് റീട്ടെയിലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് മുകേഷ് അംബാനി പറഞ്ഞു. ജി.ഐ.സിയുടെ ആഗോള ശൃംഖലയും ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ട്രാക്ക് റെക്കോര്‍ഡും റിലയന്‍സ് റീട്ടെയിലിന് അമൂല്യമായിരിക്കും. ഈ നിക്ഷേപം ഇന്ത്യയുടെ റീട്ടെയില്‍ സാധ്യതയുടെയും ശക്തമായ അംഗീകാരമാണെന്നും അംബാനി വ്യക്തമാക്കി.
പുതിയ നിക്ഷേപത്തിലൂടെ റിലയന്‍സുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ജിഐസിക്ക് സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ റീട്ടെയില്‍ വിപണിയിലെ ശക്തമായ വളര്‍ച്ചയ്ക്ക് റിലയന്‍സ് റീട്ടെയില്‍ മുന്‍നിരയിലെത്താന്‍ കമ്പനിയെ പ്രാപ്തമാക്കുമെന്നും ജിഐസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിം ചോ കിയാറ്റ് പറഞ്ഞു. ആര്‍ആര്‍വിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതും ലാഭകരവുമായ റീട്ടെയില്‍ ബിസിനസ്സാണ്.
ആഗോള നിക്ഷേപ സ്ഥാപനമായ ടിപിജി 1,837.5 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ആര്‍വിഎല്ലിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും റിലയന്‍സ് റീടെയില്‍ വെന്‍ചേഴ്സ് ലിമിറ്റഡും (ആര്‍ആര്‍വിഎല്‍) പ്രഖ്യാപിച്ചു. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ജിയോ പ്ലാറ്റ്‌ഫോമില്‍ 4,546.8 കോടി രൂപ നിക്ഷേപം നടത്തിയതിന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ടിപിജിയുടെ രണ്ടാമത്തെ നിക്ഷേപമാണിത്.