
ന്യൂഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്ക് ആശ്വസവുമായി കേന്ദ്രസര്‍ക്കാര്‍. 5 കോടി വരെ വിറ്റുവരവുള്ള ബിസിനസുകാര്‍ക്ക് ഇനി മൂന്നു മാസത്തിലൊരിക്കല്‍ ജിഎസ്ടി സെയില്‍സ് റിട്ടേണ്‍ (ജിഎസ്ടിആര്‍ 3ബി) സമര്‍പ്പിച്ചാല്‍ മതിയാവും. അടുത്ത വര്‍ഷം മുതലാണ് പുതിയ തീരുമാനം നടപ്പിലാകുക. നിലവില്‍ എല്ലാ മാസവും 3 ബി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. എന്നാല്‍ ഇപ്പോഴത്തെ പുതിയ തീരുമാനം 94 ലക്ഷം നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
അടുത്തവര്‍ഷം ജനവരി മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ ചെറുകിടക്കാര്‍ക്കു പ്രതിവര്‍ഷം 8 റിട്ടേണുകള്‍ മാത്രം ഫയല്‍ ചെയ്യേണ്ടതായി വരും. നാലു ജിഎസ്ടിആര്‍ 3ബിയും 4 ജിഎസ്ടിആര്‍ 1 റിട്ടേണും ചേര്‍ത്താണിത്. ഇന്‍പ്പുട് ടാക്സ് തട്ടിപ്പുകള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ വ്യാപാരികള്‍ക്ക് ഇന്‍പുട് ടാക്സ് ക്രെഡിറ്റ് ലഭിക്കാന്‍ മൂന്നുമാസം കാത്തിരിക്കേണ്ടിവരുമെന്നാണ് ടാക്സ് പ്രാക്ടിഷണേഴ്സ് പറയുന്നത്. കൂടാതെ വലിയ ഡീലര്‍മാര്‍ ചെറുകിടക്കാരോട് സാധനങ്ങള്‍ വാങ്ങുന്നതില്‍ വലിയ കുറവ് ഇതിലൂടെ സംഭവിക്കുമെന്ന് പറയുന്നുണ്ട്. കേരളത്തില്‍ ഭൂരിഭാഗം വരുന്ന വ്യാപാരികളും ഈ പരിധിയില്‍ വരുന്നതാണെന്നാണ് സൂചന.