
ന്യൂഡല്‍ഹി: ജനുവരി മാസത്തില്‍ ഇന്ത്യയുടെ റീറ്റെയില്‍ പണപ്പെരുപ്പം 6.01 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമാനമായിരുന്ന ആറ് ശതമാനത്തെയാണ് ഇത് മറികടന്നത്. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, ടെലികോം എന്നീ മേഖലയിലെ വിലക്കയറ്റമാണ് ചില്ലറ വിലക്കയറ്റത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്.
ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഡിസംബറില്‍ 5.66 ശതമാനമായിരുന്നു. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.05 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 5.43 ശതമാനമായി ഉയരുകയും ചെയ്തു. ഓയ്ല്‍ ആന്‍ഡ് ഫാറ്റ്സ് സെഗ്മെന്റിലെ പണപ്പെരുപ്പം ജനുവരിയില്‍ 18.7 ശതമാനമായി ഉയര്‍ന്നു. ഇന്ധനത്തിന്റെയും വെളിച്ചത്തിന്റെയും വിഭാഗത്തിലെ വിലക്കയറ്റം 9.32 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഭക്ഷ്യ-പാനീയ വിഭാഗത്തിലെ വിലക്കയറ്റ നിരക്ക് ജനുവരിയില്‍ 5.58 ശതമാനമാണ്.
സെന്‍ട്രല്‍ ബാങ്ക് അതിന്റെ പണപ്പെരുപ്പ നിരക്ക് നിലനിര്‍ത്തുന്നതിനോട് പ്രതിജ്ഞാബദ്ധരാണെന്നും ജനുവരിയിലെ പണപ്പെരുപ്പം അതിന്റെ ടാര്‍ഗെറ്റ് ബാന്‍ഡിന്റെ മുകള്‍ത്തട്ടിലെത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കേണ്ടതില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു. ആര്‍ബിഐ നിലനിര്‍ത്തിയ വിലക്കയറ്റ അനുമാനത്തില്‍ നിന്നും നേരിയ തോതില്‍ ആണ് ജനുവരിയില്‍ ഉയര്‍ന്നിട്ടുള്ളത്. റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാനമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സ് ഉള്‍പ്പെടെ നിരവധി പേര്‍ വിലയിരുത്തിയിരുന്നതും.