
ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.79 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 6.95 ശതമാനമായിരുന്നു. 2014 മേയിലെ 8.33 ശതമാനം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ഭക്ഷ്യോല്‍പന്ന വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ മുഖ്യകാരണം.മാര്‍ച്ചില്‍ 7.68 ശതമാനം ആയിരുന്നത് ഏപ്രിലില്‍ 8.38 ശതമാനമായി വിലക്കയറ്റ നിരക്ക് കൂടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നിരക്ക് 1.96 ശതമാനം മാത്രമായിരുന്നു. നാണ്യപ്പെരുപ്പം 6 ശതമാനം കവിയാതെ സൂക്ഷിക്കുകയാണു റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ 4 മാസമായി ഇതു സാധിക്കുന്നില്ല. നടപ്പു സാമ്പത്തികവര്‍ഷം നിരക്ക് 6 ശതമാനം എന്ന ലക്ഷ്യത്തിലെത്തിക്കുക എളുപ്പമല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഭക്ഷ്യ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവുമാണ് നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണം.