
ന്യൂഡല്‍ഹി: ശനിയാഴ്ച തക്കാളിയുടെ ചില്ലറ വില കിലോഗ്രാമിന് 80 മുതല്‍ 85 രൂപയായി ഉയര്‍ന്നതായി സ്വകാര്യ വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ വരെ തക്കാളി വില കിലോയ്ക്ക് 50 മുതല്‍ 60 രൂപ വരെയായിരുന്നു. തക്കാളി വളരുന്ന പ്രധാന സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ വിളയുടെ വരവ് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഈ ആഴ്ച വില കുതിച്ചുയര്‍ന്നത്.
ഉയര്‍ന്ന ഗുണനിലവാരമുള്ള തക്കാളിയ്ക്ക് വില്‍പ്പനക്കാര്‍ ശനിയാഴ്ച കിലോഗ്രാമിന് 80-85 രൂപ വരെ വില ഉയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തക്കാളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 60 രൂപയാണ്. മദേര്‍ ഡയറിയുടെ സഫാല്‍ പച്ചക്കറി ഔട്ട്ലെറ്റുകള്‍ തക്കാളി കിലോയ്ക്ക് 78 രൂപയ്ക്കും ഗ്രോഫേഴ്സ് കിലോയ്ക്ക് 74-75 രൂപയ്ക്കും ബിഗ് ബാസ്‌ക്കറ്റ് കിലോയ്ക്ക് 60 രൂപയ്ക്കുമാണ് തക്കാളി വിറ്റത്.
ഏഷ്യയിലെ ഏറ്റവും വലിയ പഴം -പച്ചക്കറി മൊത്തവ്യാപാര വിപണിയായ ആസാദ്പൂര്‍ മാണ്ടിയില്‍ തക്കാളി വില കിലോയ്ക്ക് 40-60 രൂപയായി വര്‍ധിച്ചുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. തക്കാളി വളരുന്ന പ്രദേശങ്ങളില്‍ നിന്ന് പുതിയ വിളകളുടെ വരവ് കുറവാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വില ഉയരുന്നതെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും തക്കാളി വിളവ് ഇത്തവണ കുറവായിരിക്കുമെന്നാണ് കരുതുന്നത്.
കൊവിഡ്-19 ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 1-2 രൂപയ്ക്ക് തക്കാളി വില്‍ക്കേണ്ടി വന്നുവെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു. കൂടാതെ, മഴ മൂലം വിളയ്ക്ക് നാശനഷ്ടമുണ്ടായതും ദേശീയ തലസ്ഥാനത്തെ പുതിയ വിളകളുടെ വിതരണത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളില്‍ സ്ഥിതി സാധാരണ നിലയിലാകുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, കേരളം, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും തക്കാളി ഉല്‍പാദിപ്പിക്കുന്നത്. രാജ്യം പ്രതിവര്‍ഷം 19.73 ദശലക്ഷം ടണ്‍ തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. 11.51 ദശലക്ഷം ടണ്‍ ആണ് തക്കാളിയുടെ ഉപഭോഗം.