
മുംബൈ: കൊവിഡ്19 ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ കൊവിഡ് കാലത്ത് ഏറ്റവും അധികം ലാഭമുണ്ടാക്കിയവരുടെ കൂട്ടത്തിലുള്ള ആളായിരുന്നു ഇന്ത്യയിലെ ഒന്നാം നമ്പര്‍ സമ്പന്നന്‍ ആയ മുകേഷ് അംബാനി. എന്നാല്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ലാഭം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭത്തില്‍ 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
സാമ്പത്തിക വര്‍ഷത്തില്‍ സെപ്തംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകളാണ് പുറത്ത് വന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലാഭം 15.1 ശതമാനം ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൊത്തം ലാഭം ഈ പാദത്തില്‍ 9,567 കോടി രൂപയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ മാത്രമല്ല ഇടിവ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷവുമായി താതമ്യം ചെയ്യുമ്പോള്‍ മൊത്തവരുമാനത്തിലെ ഇടിവ് 25.7 ശതമാനം ആണ്. കമ്പനിയുടെ മൊത്ത വരുമാനം സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 1.11 ട്രില്യണ്‍ രൂപയാണ്.
എണ്ണ വിപണിയിലെ തിരിച്ചടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ പ്രതിസന്ധിയ്ക്ക് കാരണം. കൊവിഡ് വ്യാപനത്തോടെ റിഫൈനിങ്, പെട്രോകെമിക്കല്‍സ്, ചില്ലറവില്‍പന മേഖലകള്‍ എല്ലാം ഇടിഞ്ഞിരിക്കുകയാണ്. ഇതെല്ലാം ലാഭത്തിലും വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നിരുന്നാലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് പ്രതീക്ഷിച്ചതിലും ലാഭവും വരുമാനം ലഭിച്ചിട്ടുണ്ട് എന്ന് കൂടി പറയേണ്ടി വരും. ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വ്വേയില്‍, വിലയിരുത്തല്‍ വിദഗ്ധര്‍ കണക്കാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തവരുമാനം 1.11 ട്രില്യണ്‍ തന്നെ ആയിരികും എന്നായിരുന്നു. അതേസമയം വിലയിരുത്തല്‍ വിദഗ്ധരുടെ നിഗമന പ്രകാരം മൊത്തലാഭം സെപ്തംബര്‍ പാദത്തില്‍ 8,387 കോടി ആയി ഇടിഞ്ഞു. പക്ഷേ മൊത്തലാഭം യഥാര്‍ത്ഥത്തില്‍ 9,567 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1.49 ലക്ഷം കോടി രൂപയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്ത വരുമാനം. ഇത്തവണ അത് 1.11 ലക്ഷം കോടിയായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ മറ്റുവരുമാനങ്ങളുടെ കാര്യത്തില്‍ 34.7 ശതമാനത്തിന്റെ വര്‍ദ്ധനയും ഇത്തവണ ഉണ്ടായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് വരുമാനത്തില്‍ നഷ്ടം സംഭവിച്ചത്. റിലയന്‍സിന്റെ തന്നെ ടെലികോം സംരംഭമായ ജിയോയുടെ ലാഭം കുത്തനെ ഉയരുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടിയാണ് ലാഭം ഉര്‍ന്നത്.