
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ വീണ്ടും നിക്ഷേപം. ഇപ്പോള്‍ 15. 43 ട്രില്യണ്‍ രൂപയുടെ വിപണിമൂല്യവുമായി ഇന്ത്യയിലെ മറ്റൊരു കമ്പനിക്കും കൈയ്യെത്താനാകാത്ത ഉയരത്തിലാണ് റിലയന്‍സ് ഉള്ളത്. ഇതിനൊപ്പമാണ് അന്താരാഷ്ട്ര ഭീമന്‍മാരായ കെകെആറില്‍ നിന്നുള്ള പുതിയ നിക്ഷേപവും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിലാണ് പുതിയ നിക്ഷേപം വന്നിട്ടുള്ളത്. റിലയന്‍സ് റീട്ടെയിലിന്റെ 1.28 ശതമാനം ഓഹരികളാണ് ഈ ഇടപാടിനായി കൈമാറിയിട്ടുള്ളത്. കെകെആര്‍ എന്ന് അറിയപ്പെടുന്ന അലിസം ഏഷ്യ ഹോള്‍ഡിങ്സ് 2 പിടിഇ ലിമിറ്റഡുമായിട്ടാണ് ഇടപാട്. 5,550 കോടി രൂപയാണ് ഇതുവഴി റിലയന്‍സ് റീട്ടെയിലിന് ലഭിക്കുക. 8.1 കോടി ഇക്വിറ്റി ഷെയറുകളാണ് റിലയന്‍സ് റീട്ടെയില്‍ കെകെആറിന് കൈമാറിയത്.
റിലയന്‍സ് റീട്ടെയിലില്‍ 5,550 കോടി രൂപ നിക്ഷേപിക്കുമെന്ന് കെകെആര്‍ സെപ്തംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് റീട്ടെയിലിന്റെ വിപണിമൂല്യം അന്ന് കണക്കാക്കിയത് 4.21 ലക്ഷം കോടി രൂപയായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ കെകെആര്‍ ഈ വര്‍ഷം തന്നെ നടത്തുന്ന രണ്ടാമത്തെ നിക്ഷേപം എന്ന പ്രത്യേകതയും ഈ ഇടപാടിനുണ്ട്. 11,367 കോടി രൂപ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡില്‍ ഈ വര്‍ഷം ആദ്യത്തില്‍ ഇവര്‍ നിക്ഷേപിച്ചിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ ഏറ്റവും അധികം നിക്ഷേപം വരുന്ന കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ റിലയന്‍സ് റീട്ടെയില്‍. അമേരിക്കന്‍ ടെക് ഇന്‍വെസ്റ്റര്‍ കമ്പനിയായ സില്‍വര്‍ ലേക് പാര്‍ട്ണേഴ്സ് റിലയന്‍സ് റീട്ടെയിലില്‍ 7,500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 1.75 ശതമാനം ഇക്വിറ്റി ഷെയറുകളാണ് അന്ന് അവര്‍ക്ക് കൈമാറിയത്. റിലയന്‍സ് റീട്ടെയിലിന് ഇന്ത്യയില്‍ എമ്പാടുമായി 12,000 സ്റ്റോറുകളാണ് ഉള്ളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും മുകേഷ് അംബാനി നടത്തിയിരുന്നു. റീട്ടെയില്‍ മേഖലയിലെ വമ്പന്‍മാരായിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പ്.