റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യന്‍ കാര്‍ വിപണിയെ സാരമായി ബാധിച്ചേക്കും

February 26, 2022 |
|
News

                  റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യന്‍ കാര്‍ വിപണിയെ സാരമായി ബാധിച്ചേക്കും

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ത്യന്‍ കാര്‍ വിപണിയെ സാരമായി ബാധിച്ചേക്കും. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍പുട്ട് ചെലവ് വര്‍ധിക്കുമെന്നതിനാല്‍ വില കുത്തനെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, സെമികണ്ടക്ടറുകളുടെ വിതരണത്തിലുണ്ടാകാന്‍ പോവുന്ന പ്രതിസന്ധി കാരണം വാഹനങ്ങള്‍ക്കായുള്ള കാത്തിരിപ്പും നീണ്ടേക്കും. ഏഴ് വര്‍ഷത്തിനിടെ ആദ്യമായി ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ കടന്നതും വാഹന നിര്‍മ്മാണത്തിലെ പ്രധാന വസ്തുവായ അലൂമിനിയം റെക്കോര്‍ഡ് ഉയര്‍ന്ന വിലയില്‍ എത്തിയതും വാഹന നിര്‍മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

വാഹനങ്ങളിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളില്‍ ഉപയോഗിക്കുന്ന റോഡിയം, പ്ലാറ്റിനം, പലേഡിയം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ വില 30-36 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. റഷ്യയും യുക്രെയ്നുമാണ് ഇവയുടെ പ്രധാന വിതരണക്കാര്‍. റോഡിയത്തിന്റെ വിലയാണ് കുത്തനെ ഉയര്‍ന്നത്. മുന്‍ പാദത്തിലെ ശരാശരിയെ അപേക്ഷിച്ച് 30 ശതമാത്തോളം വില വര്‍ധനവാണ് റോഡിയത്തിലുണ്ടായിട്ടുള്ളത്. മൊത്തം അസംസ്‌കൃത വസ്തുക്കളുടെ 10-15 ശതമാനം വരുന്ന അലൂമിനിയത്തിന്റെ വിലയും 20 ശതമാനത്തോളം വര്‍ധിച്ചു. കിലോഗ്രാമിന് 250 രൂപ എന്ന തോതിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

വാഹന നിര്‍മാതാക്കളുടെ വരുമാനത്തിന്റെ 78-84 ശതമാനവും അസംസ്‌കൃത വസ്തുക്കളുടെ വിലയിലേക്കാണ് പോകുന്നത്. റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിപ്പ് നിര്‍മ്മാണ പ്രക്രിയയില്‍ ഉപയോഗിക്കുന്ന അവിഭാജ്യ ഘടകമായ സെമികണ്ടക്ടര്‍- ഗ്രേഡ് നിയോണിന്റെ 90 ശതമാനവും യുഎസിന് വിതരണം ചെയ്യുന്നത് യുക്രെയ്നാണ്. കൂടാതെ, സെമികണ്ടക്ടര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പലേഡിയം വിതരണത്തിന്റെ 35 ശതമാനവും റഷ്യയില്‍ നിന്നാണ്.

Related Articles

© 2025 Financial Views. All Rights Reserved