
മുംബൈ: മുന്‍നിര ഐ.ടി. കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 16,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചു. 5.33 കോടി ഓഹരികളാണ് ഇത്തരത്തില്‍ തിരിച്ചെടുക്കുക. ഓഹരിയൊന്നിന് 3,000 രൂപ വീതമാണ് ടി.സി.എസ്. വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഓഹരി തിരിച്ചുവാങ്ങുന്നതിന് തീരുമാനമാകുമെന്ന പ്രതീക്ഷയില്‍ ബുധനാഴ്ച ടി.സി.എസ്. ഓഹരി വില ഒരവസരത്തില്‍ 2,769 രൂപ വരെ എത്തിയിരുന്നു. ഒടുവില്‍ 21.25 രൂപ നേട്ടത്തില്‍ 2,737 രൂപയില്‍ ക്ലോസ് ചെയ്തു. 2018-ലും കമ്പനി 16,000 കോടി രൂപയുടെ ഓഹരികള്‍ മടക്കിവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ നിരക്കില്‍ 7.61 കോടി ഓഹരികളാണ് തിരിച്ചുവാങ്ങിയത്.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ കമ്പനി 7,475 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേകാലത്തെ 8,042 കോടിയെക്കാള്‍ 7.05 ശതമാനം കുറവാണിത്. ഓഹരിയൊന്നിന് ഇടക്കാല ലാഭവീതമായി 12 രൂപ വീതം നല്‍കാനും തീരുമാനിച്ചു.