
മുംബൈ: അവകാശികള്‍ എത്താതെ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നത് കോടികള്‍. രാജ്യത്ത് ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും എല്ലാം ഇത്തരത്തില്‍ ഒരുപാട് പണം കെട്ടിക്കിടക്കുന്നുണ്ട്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ വിവിധ ധനകാര്യ ഏജന്‍സികളിലായി അവകാശികള്‍ എത്താത്ത പണം 82,025 കോടി രൂപയാണ് എന്നാണ് കണക്കുകള്‍. ഇത് ബാങ്ക് അക്കൗണ്ടുകളിലെ മാത്രം പണമല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ പിഎഫ്, മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ എല്ലാം കൂടിയുള്ള കണക്കാണ്.
രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താതെ കിടക്കുന്നത്. നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകളാണ് ഇവ. മിക്കപ്പോഴും അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നാണ് ഇവ നിഷ്‌ക്രിയമാകുന്നത്. ബന്ധുക്കള്‍ക്ക് ചിലപ്പോള്‍ നിക്ഷേപങ്ങളെ കുറിച്ച് അറിവും ഉണ്ടാവില്ല. രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും നിഷ്‌ക്രിയ അക്കൗണ്ടുകളുടെ പരിധിയില്‍ വരും. അങ്ങനെ 4.75 കോടി സേവിങ്സ് ബാങ്ക്സ് ക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. ഈ അക്കൗണ്ടുകളില്‍ ആയി 12,000 കോടി രൂപയോളം ഇപ്പോഴുണ്ട്.
വലിയ ലാഭ സാധ്യതയുള്ള നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകളിലേത്. പലരും വലിയ തുക ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടും ഉണ്ടാകും. എന്നാല്‍ മരണശേഷം ഇത് ക്ലെയിം ചെയ്യപ്പെടാതെ പോയാലോ? 17,880 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ഇപ്പോള്‍ ഉടമകളില്ലാതെ കിടക്കുന്നത്. ബന്ധുക്കള്‍ അറിയാതെ എടുത്ത ഇന്‍ഷുറന്‍സ് പോളിസികളാണ് മിക്കപ്പോഴും ഇങ്ങനെ ക്ലെയിം ചെയ്യപ്പെടാതെ പോകുന്നത്. ചിലപ്പോള്‍ ബന്ധുക്കള്‍ മറന്നുപോകുന്ന സംഭവങ്ങളും ഉണ്ട്. 15,167 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇത്തരത്തിലുള്ളത്.
പ്രൊവിഡന്റ് ഫണ്ടിലാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താത്ത ഏറ്റവും അധികം പണം കിടക്കുന്നത്. ഇത് മാത്രം 26,497 കോടി രൂപ വരും. പിഎഫ് നിക്ഷേപങ്ങള്‍ എങ്ങനെ അറിയാതെ പോകുന്നു എന്നതും അത്ഭുതപ്പെടുത്തുന്നതാണ്. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ടാകും ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങളെ കുറിച്ച്. കമ്പനികളുടെ ലാഭവിഹിതം കൈപ്പറ്റാത്തവരുണ്ടാകും. ചിലര്‍ നിക്ഷേപത്തെ കുറിച്ച് തന്നെ മറന്നുപോയതായിരിക്കും. ചിലര്‍ മരണപ്പെട്ടതാകും. എന്തായാലും അത്തരത്തില്‍ കൈപ്പറ്റാത്ത ലാഭവിഹിതം 4,100 കോടി രൂപയാണ്.