
കോട്ടയം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റബര്‍ ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2020 നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ 87000 ടണ്‍ റബര്‍ ഉല്‍പാദിപ്പിച്ചു. 2013ല്‍ 85000 ടണ്‍ റബറാണ് ഉല്‍പാദിപ്പിച്ചത്. അതിനു ശേഷം ആദ്യമായാണ് റബര്‍ ഉല്‍പാദനം കുത്തനെ ഉയരുന്നത്. 2019 നവംബറില്‍ റബര്‍ ഉല്‍പാദനം 78000 ടണ്‍ ആയിരുന്നു. അടുത്ത മാസം റബര്‍ ഉല്‍പാദനം ലക്ഷം ടണ്‍ എത്തിക്കാനാണ് റബര്‍ ബോര്‍ഡിന്റെ ശ്രമം.
ലോക്ഡൗണ്‍ മൂലം റബര്‍ മേഖലയിലേക്കു കൂടുതല്‍ കര്‍ഷകര്‍ എത്തിയതും റബര്‍ വില ഉയര്‍ന്നതോടെ തോട്ടങ്ങളുടെ പരിപാലനം കാര്യക്ഷമമായതുമാണ് ഉല്‍പാദനം കൂടാന്‍ കാരണം. ഇക്കുറി തുലാമഴ കുറഞ്ഞതും രാവിലെ തണുത്ത കാലാവസ്ഥ നില നില്‍ക്കുന്നതും ടാപ്പിങ് കൂടാനും ഇടയായി. ഇതാണ് റബര്‍ ഉല്‍പാദം ഉയരാന്‍ കാരണമെന്നു കരുതുന്നതായി റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതു മൂലം ഇന്ത്യന്‍ വിപണിയിലും റബര്‍ വില ആഴ്ചകളായി ഉയര്‍ന്നു നില്‍ക്കുന്നു. ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ കിലോയ്ക്ക് 156 രൂപയാണ് റബര്‍ വില. രണ്ടാഴ്ച മുന്‍പ് 164 രൂപ പിന്നിട്ട റബര്‍ വില പിന്നീട് കാര്യമായി താഴ്ന്നിട്ടില്ല. റബര്‍ ഇറക്കുമതി ഈ വര്‍ഷം 26 ശതമാനം കുറഞ്ഞു. ഇത് ആഭ്യന്തര റബര്‍ വിപണിക്കു സഹായമായി.