
വാഷിങ്ടണ്‍: റഷ്യന്‍, യുക്രെയ്ന്‍ സമ്പദ്‌വ്യവസ്ഥകള്‍ വന്‍ സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്. റഷ്യന്‍ അധിനിവേശം മൂലം യുക്രെയ്ന്‍ സമ്പദ്‌വ്യവസ്ഥയില്‍ 45.1 ശതമാനം ഇടിവുണ്ടാവുമെന്നാണ് ലോകബാങ്ക് പ്രവചനം. യുദ്ധം റഷ്യന്‍ സമ്പദ്‌വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കും. അതേസമയം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 11.2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
റഷ്യയുടെ അധിനിവേശം, യുക്രെയിനിലെ പകുതിയോളം ബിസിനസുകള്‍ അടച്ചുപൂട്ടാന്‍ കാരണമായി. കൂടാതെ ഇറക്കുമതിയും കയറ്റുമതിയും തടഞ്ഞു, നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ വരുത്തിയതായും ലോകബാങ്ക് പറഞ്ഞു. അതേസമയം, യുദ്ധത്തോടുള്ള പ്രതികരണമായി പാശ്ചാത്യ സഖ്യകക്ഷികള്‍ ഏര്‍പ്പെടുത്തിയ അഭൂതപൂര്‍വമായ ഉപരോധങ്ങള്‍ റഷ്യയെ ആഴത്തിലുള്ള മാന്ദ്യത്തിലേക്ക് തള്ളിവിടുകയും അതിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പത്തിലൊന്ന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായും ലോക ബാങ്ക് ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, ട്രെയിന്‍ ട്രാക്കുകള്‍ തുടങ്ങിയ ഉല്‍പ്പാദനപരമായ അടിസ്ഥാന സൗകര്യങ്ങള്‍ നശിച്ചതിനാല്‍ ഉക്രെയ്‌നിലെ വലിയ നഗരങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനം അസാധ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോതമ്പ് പോലുള്ള കാര്‍ഷിക കയറ്റുമതിയുടെ ആഗോള വിതരണക്കാര്‍ എന്ന നിലയില്‍ ഉക്രെയ്ന്‍ വളരെ പ്രധാന സ്ഥാനമാണുള്ളത്. എന്നാല്‍ അത് ഇപ്പോള്‍ നഷ്ടമാകുന്ന അവസ്ഥയിലാണ്. കാരണം നടീലും വിളവെടുപ്പും എല്ലാം യുദ്ധം മൂലം തടസ്സപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യുക്രെയിനിന്റെ 90 ശതമാനം ധാന്യ കയറ്റുമതി ഉള്‍പ്പെടെ, കയറ്റുമതിക്കുള്ള പ്രധാന പാതയായ കരിങ്കടലിലേക്കുള്ള പ്രവേശനം യുദ്ധം വിച്ഛേദിച്ചു. യുക്രെയിനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ തരംഗം യുദ്ധത്തില്‍ നിന്നുള്ള ഏറ്റവും വലിയ ആഘാതമാണെന്നും ലോക ബാങ്ക് പറഞ്ഞു. നാല് ദശലക്ഷത്തിലധികം ആളുകള്‍ ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തു, പകുതിയിലധികം പേര്‍ പോളണ്ടിലേക്കും മറ്റുള്ളവര്‍ മോള്‍ഡോവ, റൊമാനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലേക്കും പോകുന്നു. അധികമായി 6.5 ദശലക്ഷം പേര്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. യുദ്ധം നീളുന്നതിനനുസരിച്ച് ഈ സംഖ്യകള്‍ വര്‍ദ്ധിക്കുമെന്ന് ലോകബാങ്ക് പറഞ്ഞു.
യൂറോപ്പിലേയും മധ്യ ഏഷ്യയുടേയും പല രാജ്യങ്ങളുടേയും വ്യാവസായിക ഉല്‍പാദനത്തിലും ഇടിവുണ്ടാകും. യൂറോപ്പിലേയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടേയും ജിഡിപിയില്‍ 4.1 ശതമാനത്തിന്റെ വരെ കുറവുണ്ടാകാമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. റഷ്യയേയും യുക്രെയ്‌നേയും കൂടാതെ ബെലാറസ്, കിര്‍ക്കിസ്താന്‍, മാള്‍ഡോവ, താജിക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് പ്രവചനമുണ്ട്.