
കൊവിഡ് 19 പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മേഖലയിലുടനീളം ശമ്പള വെട്ടിക്കുറവുകളും പിരിച്ചുവിടലുകളും ഉണ്ടാവുമ്പോള്‍, തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയതായി സഹാറ ഗ്രൂപ്പ് തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് 19 പ്രതിസന്ധി മൂലം തങ്ങളുടെ ഏതെങ്കില്‍ ബിസിനസില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കുടിയേറിയ ആളുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യാനും സഹാറ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഗ്രൂപ്പിന്റെ വിവിധ ബിസിനസ് പ്രവര്‍ത്തനങ്ങളിലെ യോഗ്യത അടിസ്ഥാനമാക്കി പ്രദേശിക തലത്തില്‍ അവരെ നിയമിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് 19 വ്യാപനം തടയാനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായും ഗ്രൂപ്പ് അഭൂതപൂര്‍വമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊറോണ വൈറസ് മൂലം കനത്ത ബുദ്ധിമുട്ടുകളാണ് അഭിമുഖീകരിക്കേണ്ടി വന്നതെങ്കിലും, ഇതിനിടയില്‍ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടില്ലെന്ന ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.
എല്ലാ ജീവനക്കാരും പൂര്‍ണ സുരക്ഷയോടെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും സഹാറ ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു. ഉത്പാദനക്ഷമതയെ അടിസ്ഥാനമാക്കി 4,05,874 ഫീല്‍ഡ് ജീവനക്കാര്‍ക്ക് ഒരു കേഡര്‍ പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, 4,808 ഓഫീസ് ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവോടെ സ്ഥാനക്കയറ്റം ലഭിച്ചു. സഹാറ ഗ്രൂപ്പിന്റെ വിവിധ ബിസിനസ് സംരംഭങ്ങളിലായി 14 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജീവനക്കാരുടെയും ഉപജീവനത്തിന് വളരെയധികം പ്രാധാന്യം നല്‍കണമെന്ന് ഗ്രൂപ്പ്, ചെറുകിട, വന്‍കിട സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു.
'ഇത് നമുക്കേവര്‍ക്കുമുള്ള പ്രയാസകരമായ ഘട്ടമാണെന്ന് നിസംശയം പറയാം. എന്നിട്ടും ഞങ്ങളുടെ ജീവനക്കാരുടെ രക്ഷാധികാരികളെന്ന നിലയില്‍, അവരുടെ കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇത്തരം സാഹചര്യത്തില്‍ ഞങ്ങള്‍ അവരെ പരിപാലിക്കുകയാണെങ്കില്‍, മാനവികത, സമൂഹം, രാഷ്ട്രം എന്നിവയുടെ താല്‍പ്പര്യത്തിന് ഞങ്ങളുടെ എല്ലാ ബിസിനസ് സംരംഭങ്ങളും നല്‍കുന്ന വലിയ സംഭാവനയായിരിക്കും ഇത്,' കമ്പനി കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതിന് സഹാറ മേധാവി സുബ്രത റോയ് തന്റെ ഗ്രൂപ്പിലെ എല്ലാ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതായി ഏപ്രിലില്‍ അറിയിച്ചിരുന്നു. ഈ പോരാട്ടത്തില്‍ വ്യക്തിഗത സൈനികരെന്ന നിലയില്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടുന്നതിനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.